റിദാൻ ബാസിൽ വധം: കുറ്റപത്രം സമർപ്പിച്ചു; കേസിൽ എട്ട് പ്രതികൾ
text_fieldsനിലമ്പൂർ: എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അറയിലകത്ത് റിദാൻ ബാസിൽ (27) വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 4,598 പേജുകളുള്ള കുറ്റപത്രമാണ് ഇൻസ്പെക്ടർ പി. വിഷ്ണു മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ എട്ട് പ്രതികളും 169 സാക്ഷികളുമാണുള്ളത്.
ഏപ്രിൽ 22ന് ചെറിയ പെരുന്നാൾ ദിവസം രാവിലെ എട്ടോടെയാണ് റിദാൻ ബാസിലിനെ വീടിന് സമീപത്തെ പുലിക്കുന്ന് മലയിൽ വെടിയേറ്റ് മരിച്ച നിലയിൽ സഹോദരൻ റാസിൻ ഷാൻ കണ്ടത്. പഴുതടച്ചുള്ള അന്വേഷണത്തിൽ രണ്ടാം ദിവസം തന്നെ ഒന്നാം പ്രതിയും റിദാന്റെ സുഹൃത്തുമായ എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് ഷാനെ (30) അറസ്റ്റ് ചെയ്തു.
ഇയാളുടെ മൊഴിയുടെയും പൊലീസിന് ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി ബൈത്തുൽ അജ്ന ഹൗസിൽ അഫ്നാസ് (29), മുണ്ടേങ്ങര മഞ്ഞളാം പറമ്പൻ റഹ്മാൻ ഇബ്നു ഹൗഫ് എന്ന റൗഫ് (29), തിരുവാലി പുളിയക്കോടൻ അനസ് (31), പ്രതിയുടെ സഹോദരൻ കൊളപ്പാടൻ മുഹമ്മദ് നിസാം (32), നിസാമിന്റെ ഭാര്യ ഫെമി (23), ഷാന് തോക്ക് നൽകിയ ഉത്തർപ്രദേശ് ഖുറാന സ്വദേശി കുർഷിദ് ആലം (44) എന്നിവരെയും പിടികൂടി. മമ്പാട്ടെ പ്രവാസി വ്യവസായിയുടെ ബിസിനസ് നോക്കിനടത്തിയിരുന്നത് ഒന്നാം പ്രതി ഷാനായിരുന്നു. വ്യവസായിയുടെ സഹായത്തോടെ മുണ്ടേങ്ങരയിൽ വീട് നിർമാണവും തുടങ്ങിയിരുന്നു. എന്നാൽ, മുന്നറിയിപ്പില്ലാതെ ഷാനെ ജോലിയിൽനിന്ന് പുറത്താക്കി. ജോലി നഷ്ടപ്പെട്ടതിന് പിന്നിൽ റിദാനാണെന്ന് ഷാൻ സംശയിച്ചു. ഇതോടെ വധിക്കാൻ പദ്ധതി തയാറാക്കുകയായിരുന്നു.
ഇതിനായി വാടകക്കെടുത്ത വാഹനത്തിന്റെ സാമ്പത്തിക ഇടപാട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് റിദാനെ സ്കൂട്ടറിൽ കയറ്റി കുന്നിൻ മുകളിലെ വിജന സ്ഥലത്തേക്ക് കൊണ്ടുപോയി വെടിവെച്ചു കൊല്ലുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് എൺപത്തിയെട്ടാം ദിവസമാണ് കുറ്റപത്രം നൽകിയത്. ഷാബ ഷെരീഫ് വധക്കേസന്വേഷിച്ച അതേ സംഘമാണ് ഈ കേസും അന്വേഷിച്ചത്. ആ കേസിലും 89 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചിരുന്നു.
വൈകാതെ വിചാരണ തുടങ്ങും. ഫോറൻസിക്, സൈബർ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസ് നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് നേരിട്ടാണ് നേതൃത്വം നൽകിയത്.
ഡിവൈ.എസ്.പിമാരായ സാജു കെ. അബ്രഹാം, സന്തോഷ് കുമാർ, കെ.എം. ബിജു, എടവണ്ണ ഇൻസ്പെക്ടർ വി. വിജയരാജൻ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.