നിലമ്പൂര്‍ ടൗണിലെ റോഡ് വികസനം;കെട്ടിടങ്ങള്‍ പൊളിക്കാന്‍ ധാരണ
text_fieldsനിലമ്പൂര്‍: അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡ് നിലമ്പൂര്‍ ടൗണിൽ വീതികൂട്ടുന്നതിന് കെട്ടിടങ്ങള്‍ പൊളിക്കാന്‍ ധാരണയായി. പി.വി. അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസിൽ കെട്ടിട ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സൗജന്യമായി ഭൂമി വിട്ടുനല്‍കാന്‍ തയാറായ ഭൂവുടമകളെ എം.എല്‍.എ അഭിനന്ദിച്ചു. റോഡിന്റെ മധ്യഭാഗത്തുനിന്ന് അളന്ന് ഭൂമി ഏറ്റെടുക്കണമെന്നും റോഡ് എല്ലാഭാഗത്തും തുല്യവീതി ആക്കണമെന്നും ചില കെട്ടിട ഉടമകള്‍ ആവശ്യപ്പെട്ടു. കെട്ടിടങ്ങള്‍ പൊളിക്കാനുള്ള െചലവ് ഉടമകള്‍തന്നെ വഹിക്കണം. എന്നാല്‍, കെട്ടിടം പൊളിച്ച സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കുമ്പോള്‍ കെട്ടിട നിര്മാണചട്ടത്തില് ഇളവ് അനുവദിക്കും.
റോഡില്‍നിന്ന് ഒന്നര മീറ്റര്‍ വിട്ട് പുതിയ കെട്ടിടം നിര്‍മിക്കാനാവും. റോഡ് വീതികൂട്ടുമ്പോൾ കെട്ടിടം പൂര്‍ണമായും നഷ്ടപ്പെടുന്നവര്‍ക്ക് കഴിയാവുന്ന സഹായം ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു. റോഡ് പ്രവൃത്തി പൂര്‍ത്തിയായശേഷം പേ പാര്‍ക്കിങ്, ടാക്സി പാര്‍ക്കിങ് തുടങ്ങിയവ സംബന്ധിച്ച തീരുമാനമെടുക്കും. റോഡ് നിര്‍മാണപ്രവൃത്തി ആറുമാസംകൊണ്ട് പൂര്‍ത്തീകരിക്കും. കെട്ടിടങ്ങള്‍ പൊളിക്കല്‍ അടുത്തമാസം 10ന് മുമ്പ് തീർക്കും.
പൊതുമരാമത്ത് വകുപ്പ് അനുവദിച്ച അഞ്ച് കോടി െചലവിലാണ് നിലമ്പൂര്‍ ടൗണിൽ റോഡ് വീതികൂട്ടൽ പ്രവൃത്തി. 13 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കും. ഒമ്പത് മീറ്റര്‍ വീതിയില്‍ ടാറിങ് നടത്തും. ഇരു ഭാഗത്തും ഒന്നര മീറ്റര്‍ നടപ്പാതയുമുണ്ടാകും. റോഡരികില്‍ രണ്ടടി വീതിയില്‍ കട്ട പതിക്കുകയും ചെയ്യും.
നിലവില്‍ ഇരുഭാഗത്തുമുള്ള ഫുട്പാത്തില്‍നിന്ന് ഒന്നര മീറ്റര്‍ ഭൂമികൂടി റോഡിനായി ഏറ്റെടുക്കും. ഇതിനായി കഴിഞ്ഞ ദിവസം ജനതപ്പടി മുതല്‍ ഗവ. മോഡല്‍ യൂ.പി സ്കൂള്‍ വരെയുള്ള ഒന്നേകാല്‍ കി.മീ. ഭാഗം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. തുടർച്ചയായാണ് കെട്ടിട ഉടമകളുടെ യോഗം തിങ്കളാഴ്ച വിളിച്ചത്. വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഇല്ലാതെ രാത്രിസമയങ്ങളില്‍ പരമാവധി പ്രവൃത്തി നടത്തും. റെഡിമെയ്ഡ് സ്ലാബുകള്‍കൊണ്ട് ഓവുചാലുകള്‍ നിര്‍മിക്കുമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം എ.ഇ. മുഹ്സിന് യോഗത്തിൽ പറഞ്ഞു.
നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷരായ പി.എം. ബഷീര്‍, കക്കാടന്‍ റഹീം, സക്കറിയ ക്നാതോപ്പില്‍, കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്, പൊതുമരാമത്ത് റോഡ് വിഭാഗം എ.ഇ. മുഹ്സിന്, നിലമ്പൂര്‍ ഇൻസ്പെക്ടർ സുനില്‍പുളിക്കല്‍, നിലമ്പൂര്‍ മര്‍ച്ചന്റ് അസോസിയേഷന് സെക്രട്ടറി യു. നരേന്ദ്രന്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി വിനോദ് പി. മേനോന്, കെട്ടിട ഉടമകളുടെ അസോസിയേഷന് പ്രതിനിധി ഷഫീഖ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.