മണൽക്കടത്ത് റീൽസ് ചെയ്ത് വൈറലാക്കൽ: ബിരുദ വിദ്യാർഥി ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ
text_fieldsനിലമ്പൂർ: മണൽക്കടത്ത് റീൽസ് ചെയ്ത് വൈറലാക്കാൻ ശ്രമിച്ച സംഭവത്തിൽ ബിരുദവിദ്യാർഥിയടക്കം ഏഴുപേർ അറസ്റ്റിൽ. നിലമ്പൂർ പൊലീസ് സ്റ്റേഷനു മുന്നിലൂടെ ടിപ്പർ ലോറിയിൽ മണൽ കടത്തുന്ന വിഡിയോ ചിത്രീകരിച്ചശേഷം റീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് വൈറലാക്കാൻ ശ്രമം നടത്തിയത്. മമ്പാട് ഓടായിക്കൽ സ്വദേശികളായ മറ്റത്ത് ഷാമിൽ ഷാൻ (21), കാട്ടുമുണ്ട സ്വദേശികളായ വലിയതൊടിക മർവാൻ (20), പുളിക്കൽ അമീൻ (19), വടപുറം സ്വദേശികളായ ചേകരാറ്റിൽ അൽത്താഫ് (22), ചേകരാറ്റിൽ മുഹമ്മദ് സവാദ് (22), കണ്ണംതൊടിക അബ്ദുൽ മജീദ് (34), കരിമഠത്തിൽ സഹീർ (23) എന്നിവരെയാണ് നിലമ്പൂർ ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 22ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. ഷാമിൽ ഷാന്റെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയിൽ പുള്ളിപ്പാടം കടവിൽനിന്ന് അനധികൃതമായി മണൽ കടത്തിക്കൊണ്ടുപോകുമ്പോഴാണ് വിഡിയോ ചിത്രീകരിച്ചത്.
മണൽക്കടത്ത് ലോറിയിൽ ക്ലീനറായി പോകുന്ന ബിരുദ വിദ്യാർഥിയായ അമീൻ ഓടായിക്കൽ പാലത്തിൽവെച്ചും നിലമ്പൂർ പൊലീസ് സ്റ്റേഷന് മുന്നിൽവെച്ചും ചിത്രീകരിച്ച വിഡിയോ പിന്നീട് സിനിമാഡയലോഗുകൾ കൂട്ടിച്ചേർത്ത് റീൽസായി ഷാമിൽ ഷാന്റെ ‘വണ്ടിഭ്രാന്തൻ കെ.എൽ 71’ എന്ന അക്കൗണ്ടുമായി ടാഗ് ചെയ്ത് അമീന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. റീൽസ് വിവാദമായതോടെ ഇൻസ്റ്റഗ്രാം പേജിൽനിന്ന് നീക്കംചെയ്തു. വിഡിയോ ചിത്രീകരിക്കുന്ന സമയം ഉടമസ്ഥനായ ഷാമിൽ ഷാനും ലോറിയിലുണ്ടായിരുന്നു. അൽത്താഫ്, സവാദ്, മജീദ്, സഹീർ എന്നിവർ ബൈക്കിൽ വഴിയിൽ പൊലീസുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകാനായി ലോറിക്ക് എസ്കോർട്ടായി പോയിരുന്നു. ഷാമിൽ, അൽത്താഫ് എന്നിവർ മുമ്പും മണൽക്കടത്ത് കേസിൽ ഉൾപ്പെട്ടവരാണ്. കോടതിപടിയിലെ വിജനമായ സ്ഥലത്ത് ഒളിപ്പിച്ച മണൽ കടത്താനുപയോഗിച്ച ലോറി പിടിച്ചെടുത്തു.
എസ്.ഐമാരായ തോമസ് കുട്ടി ജോസഫ്, ടി. മുജീബ്, കെ. രതീഷ്, എ.എസ്.ഐ ഇ.എൻ. സുധീർ, നൗഷാദ്, എസ്.സി.പി.ഒ ഷിഫിൻ കുപ്പനത്ത്, സി.പി.ഒമാരായ അനീറ്റ് ജോസഫ്, ടി. സജീഷ്, പ്രിൻസ്, വിവേക്, ഷൗക്കത്ത്, സുബൈറുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.