പാമ്പോ..! പേടിക്കേണ്ട, ഫോട്ടോ പിടിച്ച് ആപ്പിലിടാം
text_fieldsനിലമ്പൂർ: വീട്ടിലും പരിസരങ്ങളിലും തണുപ്പ് തേടിവരുന്ന പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ സമീപത്തെ അംഗീകൃത റെസ്ക്യൂവറുമായി ബന്ധപ്പെടാന്‍ സര്‍പ്പ (SARPA) മൊബൈല്‍ ആപ്. പാമ്പുകളെ കണ്ടാല്‍ കൃത്യമായ അകലം പാലിച്ച് പാമ്പിരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ഈ ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്താല്‍ സമീപത്തെ അംഗീകൃത റെസ്ക്യൂ ടീമിന് ഈ മെസേജ് ലഭിക്കുകയും ഉടന്‍ അവര്‍ സ്ഥലത്ത് വന്നു പാമ്പിനെ പിടിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും.
പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് സര്‍പ്പ മൊബൈല്‍ ആപ്. വളന്റിയര്‍മാരുടെ സേവനം ലഭിക്കാനുള്ള ഫോണ്‍ നമ്പറുകളും വിവിധ ഇനം പാമ്പുകളെ തിരിച്ചറിയുന്നതിന് ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങളും പാമ്പുകടിയേറ്റാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും വിദഗ്ധ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളുടെ വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്.
ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് സര്‍പ്പ ഫ്രീ മൊബൈല്‍ ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡോണ്‍ലോഡ് ചെയ്യാം. സംശയങ്ങള്‍ക്കും റെസ്ക്യൂ ആവശ്യങ്ങള്‍ക്കും ജില്ല കോഓഡിനേറ്ററുമായി ബന്ധപ്പെടാം. ഫോൺ: 9567597897.
ശാസ്ത്രീയ പാമ്പുപിടിത്ത പരിശീലനം
നിലമ്പൂർ: പാമ്പുപിടിത്ത പരിശീലനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം നിലമ്പൂര്‍ ഡിവിഷന് കോംപ്ലക്സില്‍ നടന്നു. സാമൂഹിക വനവത്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി. സജികുമാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. മൂന്നു സ്ത്രീകളടക്കം 77 പേര് പരിശീലനത്തില്‍ പങ്കെടുത്തു.
പരിശീലനത്തിന് സര്‍പ്പ നോഡല്‍ ഓഫിസറും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ മുഹമ്മദ് അന്‍വര്‍, സര്‍പ്പ ജില്ല കോഓഡിനേറ്റർ ജവാദ് കുടുക്കന്‍, റെസ്ക്യൂവര്‍മാരായ ഉസ്മാന് പാപ്പിനിപ്പാറ, ജാഫര്‍ ഐക്കരപ്പടി, അബ്ദുല്‍ മജീദ് മേല്‍മുറി എന്നിവര്‍ നേതൃത്വം നല്കി.
പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് കരസ്ഥമാക്കിയ 130 സന്നദ്ധസേവകര്‍ ജില്ലയില്‍ സജ്ജമാണെന്നും വനംവകുപ്പിന്റെ ലൈസന്‍സ് ഇല്ലാതെയോ ആശാസ്ത്രീയമായോ ആരെങ്കിലും പാമ്പുകളെ കൈകാര്യം ചെയ്താല്‍ 1972 ആക്ട് പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ മുഹമ്മദ് അന്‍വര്‍ പറഞ്ഞു. സാമൂഹിക വനവത്കരണ വിഭാഗം നിലമ്പൂര്‍ റേഞ്ച് ഓഫിസര്‍ എ.കെ. രാജീവന്, മലപ്പുറം റേഞ്ച് ഓഫിസര്‍ പി.എസ്. മുഹമ്മദ് നിഷാല്‍, നിലമ്പൂര്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വി.ബി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.