നാടുകാണി ചുരം വഴി വൃശ്ചിക കാറ്റെത്തി
text_fieldsനിലമ്പൂർ: തമിഴ്നാട്ടിൽ നിന്ന് നാടുകാണി ചുരം വഴി വൃശ്ചികക്കാറ്റെത്തി. നവംബർ പകുതി മുതൽ ഫെബ്രുവരി വരെയാണ് പുലര്‍വേളയില്‍ വൃശ്ചികക്കാറ്റ് വീശുക. വൃശ്ചികമാസത്തിന്റെ വിളംബരവുമായാണ് ഈ മധുരനൊമ്പരക്കാറ്റിന്റെ വരവ്. സൈബീരിയന്‍ ഹൈ എന്ന കാറ്റിന്റെ ഭാഗമാണ് വൃശ്ചികകാറ്റ്. പുലര്കാലങ്ങളിൽ കാറ്റിന് തണുപ്പും തീവ്രതയുമേറും. നാടുകാണി ചുരം വഴി ജില്ലയിൽ പ്രവേശിക്കുന്ന കാറ്റ് തമിഴ്നാട്ടില്‍നിന്നുള്ള ഈര്‍പ്പം കൊണ്ടുവരുന്നു.
മലപ്പുറം ജില്ലയെ കൂടാതെ തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കാറ്റ് അനുഭവപ്പെടുന്നത്. തൃശൂരിലെ കായല്‍പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തീവ്രത കുറയുന്നതിനാല്‍ മറ്റ് ജില്ലകളിലേക്ക് പ്രവേശിക്കുന്നില്ല. കാറ്റിന്റെ വേഗം മണിക്കൂറില്‍ ശരാശരി ഒമ്പത് മുതല്‍ 10 കിലോമീറ്റര്‍ വരെയാണ്. വാഴ, കപ്പ, നെല്ല് തുടങ്ങിയവയെ കാറ്റ് ബാധിക്കുന്നു. ശക്തിയായ കാറ്റ് നെല്ല്, പ്ലാവ്, മാവ്, കശുമാവ് എന്നിവയുടെ പരാഗണത്തെയും ബാധിക്കാറുണ്ട്. വൃശ്ചികക്കാറ്റ് വീശിത്തുടങ്ങിയതോടെ ചുരത്തിലെ കോട കാണാക്കാഴ്ചയായി.
കാറ്റ് ജലാശയങ്ങളിലെ ബാഷ്പീകരണം വേഗത്തിലാക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ശരാശരി അഞ്ച് മി. മീറ്ററാണ് പ്രതിദിന ബാഷ്പീകരണ തോത്. കാറ്റുള്ളപ്പോൾ 15 മി.മീറ്റർ വരെ ഉയരും. ഇത് ജലാശയങ്ങളുടെ വേഗത്തിലുള്ള വരൾച്ചക്കിടയാക്കും. കിഴക്കുനിന്ന് പടിഞ്ഞാറ് ഭാഗത്തേക്കാണ് കാറ്റിന്റെ ദിശ. ചര്‍മം വരണ്ടുണങ്ങുന്നതിനും വിണ്ടുകീറുന്നതിനും ഈ കാറ്റ് കാരണമാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.