മലപ്പുറം ജില്ലയിൽ ഗവ. എൻജിനീയറിങ് കോളജ് അനുവദിക്കണം-എസ്.എഫ്.ഐ
text_fieldsനിലമ്പൂർ: രണ്ടു ദിവസമായി മമ്പാട് ധീരജ് നഗറിൽ നടന്ന എസ്.എഫ്.ഐ ജില്ല സമ്മേളനം സമാപിച്ചു. ജില്ലയിൽ ഗവ. എൻജിനീയറിങ് കോളജ് അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൻജിനീയറിങ് മേഖലയിൽ നിരവധി വിദ്യാർഥികൾ പഠിക്കുന്ന ജില്ലയാണിത്. ഗവ. എൻജിനീയറിങ് കോളജ് ഇല്ലാത്തതിനാൽ വിദ്യാർഥികൾ കൂടുതലായി ആശ്രയിക്കുന്നത് സ്വാശ്രയ കോളജുകളെയാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഇത് വലിയ പ്രതിസന്ധിയുണ്ടാകും. സർക്കാർ എൻജിനീയറിങ് കോളജുകൾ വന്നാൽ മാത്രമേ ഇതിന് പരിഹാരം കാണാനാവൂ. ജില്ലയിലെ ഗവ. കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യം ഉന്നയിച്ചു. ജില്ലയിലെ ഒമ്പത് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ഭൗതിക സാഹചര്യങ്ങളിൽ മെച്ചപ്പെട്ടു നിൽക്കുന്നത്. ഏക വനിത ഗവ. കോളജ് വാടകക്കെട്ടിടത്തിലാണ്. ഗവ. കോളജുകളിൽ കൂടുതൽ നൂതനമായ കോഴ്സുകൾ അനുവദിക്കണം. മലയാളം സർവകലാശാലക്ക് ഉടൻ ആസ്ഥാന മന്ദിരം ഒരുക്കണം, രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന പുത്തൻ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
പൊതുചർച്ചക്ക് ജില്ല സെക്രട്ടറി കെ.എ. സക്കീർ, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എം. സച്ചിൻദേവ് എന്നിവർ മറുപടി നൽകി. ഹരികൃഷ്ണപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി.പി. രഹ്ന സബീന, കെ.പി. ഐശ്യര്യ, വി.പി. ശരത് പ്രസാദ്, എ.പി. അൻവീർ, ആദർശ് എം. സജി, എം. സജാദ്, പി. അയ്യപ്പൻ എന്നിവർ സംസാരിച്ചു. 61 അംഗ ജില്ല കമ്മിറ്റിയെയും 15 അംഗ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു. എസ്.എഫ്.ഐ ജില്ല പ്രസിഡന്റായി എൻ. ആദിലിനെയും സെക്രട്ടറിയായി എം. സജാദിനെയും തെരഞ്ഞെടുത്തു. സഹ ഭാരവാഹികൾ: കെ. ഹരിമോൻ, ടി. ഷിനി, സുജിൻ വളാഞ്ചേരി (വൈ. പ്രസി), കെ. മുഹമ്മദലി ഷിഹാബ്, അക്ഷര, അഭിജിത്ത് (ജോ. സെക്ര), ടി. സ്നേഹ, ഹസ്ന ഹാറൂൺ, ആയിഷ ഷഹ്മ, കെ.പി. ശരത്, എം.പി. ശ്യാംജിത്ത്, എം.പി. മുഹമ്മദ് ആഷിഖ്, സി. നിഖിൽ ഗോവിന്ദ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.