വനത്തിനുള്ളിലെ തേക്ക് പ്ലാന്റേഷനുകൾക്ക് സോളാർ വേലി; കാട്ടാനകൾ നാടിറങ്ങുന്നു
text_fieldsനിലമ്പൂർ: വനത്തിനുള്ളിലെ തേക്ക് പ്ലാന്റേഷനുകൾക്ക് ചുറ്റും വനം വകുപ്പ് സോളാർ വേലി സ്ഥാപിക്കുന്നത് കാട്ടാനകൾ കൂടുതലായി ജനവാസ മേഖലയിലിറങ്ങാൻ കാരണമാകുന്നു. വനത്തിനുള്ളിലെ ഹെക്ടർ കണക്കിന് സ്ഥലത്താണ് വനം വകുപ്പ് സോളാർ ഫെൻസിങ് സ്ഥാപിച്ചിട്ടുള്ളത്.
വനത്തിനകത്തെ ആനസഞ്ചാരപാതകളിൽ പോലും സോളാർ വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതുമൂലം കാട്ടാനക്കൂട്ടം സഞ്ചാരം തടസ്സപ്പെട്ട് വനാതിർത്തിയിലെ സ്വകാര്യ റബർ എസ്റ്റേറ്റുകളിലും മറ്റും രാപകൽ ഇല്ലാതെ തമ്പടിക്കുകയാണ്. കഴിഞ്ഞ ദിവസം എടക്കോട് ഫോറസ്റ്റ് സ്റ്റേഷനിലെ മണലൊടി ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വിതച്ചു. ഈ ആനക്കൂട്ടം ഉൾക്കാട് കയറാതെ വനാതിർത്തിയോട് ചേർന്ന സ്വകാര്യ എസ്റ്റേറ്റിൽ തമ്പടിച്ചിരിക്കുകയാണ്.
എടക്കോട് റിസർവിൽ മൂന്ന് തേക്ക് പ്ലാന്റേഷനുകളാണ് പുതുതായി സ്ഥാപിച്ചിട്ടുള്ളത്. നിലവിലെ പ്ലാന്റേഷനിലെ മൂപ്പെത്തിയ തേക്ക് മരങ്ങൾ മുറിച്ചു മാറ്റിയാണ് പുതിയ പ്ലാന്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. ബീറ്റുകളായുള്ള ഓരോ പ്ലാന്റേഷനുകളും 20 ഹെക്ടർ വീതം ഉണ്ട്. എടക്കോട് റിസർവിലെ 2022, 2023, 2024 തേക്ക് പ്ലാന്റേഷനുകൾ 60 ഹെക്ടറോളം വനഭൂമിയിലാണ്. ഈ വനമേഖല മുഴുവനായും വനംവകുപ്പിന്റെ സോളാർ വേലിക്കുള്ളിലാണ്.
മൂന്ന് മുതൽ അഞ്ച് വർഷംവരെ പ്ലാന്റേഷനുകൾ സംരക്ഷിക്കേണ്ടതുണ്ട്. ഇളം തേക്ക് തൈകളുടെ തൊലി കാട്ടാനകളുടെ ഇഷ്ടവിഭവമാണ്. തൈകൾ നശിപ്പിക്കുമെന്നതിനാൽ പ്ലാന്റേഷനകത്തുനിന്ന് കാട്ടാനകളെ പുറത്താക്കിയാണ് വനം വകുപ്പ് വേലി സ്ഥാപിച്ചത്. പ്ലാന്റേഷന് പുറത്താണ് ആനക്കൂട്ടം. ഉൾക്കാട് കയറാൻ ആനക്കൂട്ടത്തിനാകുന്നില്ല. തീറ്റതേടി നാട്ടിലിറങ്ങുകയാണ്. കരുളായി റെയ്ഞ്ചിലും എടവണ്ണ റെയ്ഞ്ചിലുമാണ് പുതിയ തേക്ക് പ്ലാന്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. സ്വഭാവിക വനത്തിനകത്തുള്ള പ്ലാന്റേഷനുകൾക്ക് ചുറ്റും വേലി സ്ഥാപിച്ച് സംരക്ഷണം ഒരുക്കുന്ന വനം വകുപ്പ് വനാതിർത്തികളിൽ മുഴുവനായി വേലി സ്ഥാപിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
സോളാർ വേലിയെക്കാൾ പ്രയോജനപ്രദം തൂക്ക് ഫെൻസിങ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. തൂക്ക് ഫെൻസിങിനാണ് പണചെലവും കൂടുതൽ. ഫണ്ട് ലഭ്യത അനുസരിച്ചാണിത് സ്ഥാപിക്കുന്നത് എന്നതിനാൽ തന്നെ പലപ്പോഴും അശാസ്ത്രീയമായാണ് സ്ഥാപിക്കുന്നതും. ഒരു വനാതിർത്തിയിൽ മുഴുവൻ ഭാഗങ്ങളിലും വേലി സ്ഥാപിക്കുന്നില്ല. ഇതുമൂലം വേലി ഇല്ലാത്തിടങ്ങളിലൂടെ കാട്ടാനക്കൂട്ടം കൃഷിയിടത്തിലേക്കിറങ്ങുന്നു. കർഷകരെത്തി ബഹളം വെക്കുമ്പോൾ ചിതറി ഓടുന്ന കാട്ടാനകൾക്ക് വേലിയുള്ള മറ്റിടങ്ങളിലൂടെ കാട്ടിലേക്ക് തിരികെ പോവാൻ കഴിയാതെ വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.