സതേൺ റെയിൽവേ ജനറൽ മാനേജർ നിലമ്പൂർ സന്ദർശിച്ചു
text_fieldsനിലമ്പൂർ: സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിങ് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി. അമൃത് സ്റ്റേഷന് വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. ശനിയാഴ്ച രാവിലെ 8.30ഓടെ പ്രത്യേക ട്രെയിനിലെത്തിയ ജനറല്‍ മാനേജറെയും സംഘത്തെയും പി.വി. അബ്ദുൽ വഹാബ് എം.പിയും നിലമ്പൂർ-മൈസൂരു റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. സ്റ്റേഷനില്‍ നടക്കുന്ന പ്രവൃത്തികള്‍ സംഘം പരിശോധിച്ച ശേഷം എം.പിയുമായി കൂടിക്കാഴ്ച നടത്തി.
നിലമ്പൂർ-കോട്ടയം എക്സ്പ്രസ് ട്രെയിനിന് എസി കോച്ച്, വിസ്റ്റാഡാം കോച്ചുകൾ എന്നീ ആവശ്യങ്ങൾ എം.പി ഉന്നയിച്ചു. രണ്ടാം നമ്പർ പ്ലാറ്റ്ഫോം നീളം വർധിപ്പിക്കുക, രാവിലെ 5.30ന് പുറപ്പെടുന്ന ഷൊർണൂർ എക്സ്പ്രസ് എറണാകുളം വരെ നീട്ടി ഉച്ചക്ക് 2.05 ഷൊർണൂരിൽനിന്ന് നിലമ്പൂർക്ക് പുറപ്പെടുംവിധം ക്രമീകരിക്കുക, പാതയിൽ കൂടുതൽ ക്രോസിങ് സ്റ്റേഷൻ, കോട്ടയം എക്സ്പ്രസ് കൊല്ലം വരെ നീട്ടുക, സ്റ്റേഷന് നിലമ്പൂർ-പെരുമ്പിലാവ് പാതയിൽ രണ്ടാം പ്രവേശ കവാടം നിർമിക്കുക, എസി വിശ്രമ മുറി, ഡോർമിറ്ററി, ട്രെയിനുകളിൽ വെള്ളം നിറയ്ക്കാൻ ശുദ്ധജല പദ്ധതി, രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് ഒരോ ജനറൽ, സ്ലീപ്പർ കോച്ച് കൂടി അനുവദിക്കുക, വൈദ്യുതീകരണം പൂർത്തിയാക്കുന്ന മുറക്ക് എറണാകുളം-ഷൊർണൂർ മെമു നിലമ്പൂർക്ക് നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ നിവേദനവും നൽകി. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ജനറൽ മാനേജർ ഉറപ്പ് നൽകി. നിലമ്പൂര്‍ സ്റ്റേഷനിലെ വികസന പ്രവൃത്തികള്‍ മാര്‍ച്ചിനുമുമ്പ് പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാവുമെന്ന് ചർച്ചക്കുശേഷം പി.വി. അബ്ദുൽ വഹാബ് അറിയിച്ചു.
പാലക്കാട് ഡി.ആര്.എം അരുണ്‍ കുമാര്‍ ചതുര്‍വേദി, അഡീഷനൽ ഡി.ആർ.എം ജയകൃഷ്ണൻ, ചീഫ് പ്രോജക്ട് മാനേജര്‍ ശ്രീകുമാര്‍, സീനിയർ ഡി.ഇ.എൻ (കോഓഡിനേഷൻ), നന്ദലാൽ, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരും ജി.എമ്മിനൊപ്പമുണ്ടായിരുന്നു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഡോ. ബിജു നൈനാന്, ജോഷ്വാ കോശി, വിനോദ് പി. മേനോന്, അനസ് അത്തിമണ്ണില്‍ തുടങ്ങിയവരും ജനറല്‍ മാനേജറെ സ്വീകരിക്കാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.