പരിസ്ഥിതിലോല മേഖല ആശങ്കയിൽ മലയോരം
text_fieldsനിലമ്പൂർ: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കി.മീറ്ററിനുള്ളിൽ പരിസ്ഥിതിലോല മേഖല നിർബന്ധമാക്കണമെന്ന സുപ്രീംകോടതി വിധിയിൽ മലയോരം ഏറെ ആശങ്കയിൽ. വനസംരക്ഷണ നയത്തിന്‍റെ ഭാഗമായാണ് സുപ്രീംകോടതിയുടെ ഉത്തരവെങ്കിലും ജില്ലയിലെ മലയോര വാസികളെ ഉത്തരവ് ഉറക്കംകെടുത്തിയിരിക്കുകയാണ്. ഭീതി വേണ്ടെന്ന് മുഖ‍്യമന്ത്രി ആവർത്തിക്കുന്നുണ്ടെങ്കിലും എത്രകണ്ട് സാധ‍്യമാകുമെന്നതിലെ ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. വിധി നടപ്പായാൽ ജില്ലയിൽ വനാതിർത്തിയോട് ചേർന്ന് ജീവിക്കുന്ന ആയിരങ്ങളുടെ കൃഷി ഉൾപ്പെടെയുള്ള ജീവിതമാർഗത്തിന് തിരിച്ചടിയാവും.
ദേശീയപാർക്കുകൾക്കും വന‍്യജീവി സങ്കേതങ്ങൾക്കും സംരക്ഷിത വനാതിർത്തിയിൽനിന്ന് ചുരുങ്ങിയത് ഒരു കി.മീ. ചുറ്റളവ് പരിസ്ഥിതിലോല മേഖല നിർബന്ധമാണെന്നാണ് ഉത്തരവിലുള്ളത്. അങ്ങനെ വന്നാൽ സൈലന്‍റ് വാലി ദേശീയോദ്യാനത്തിനോട് ചേർന്നുള്ള ജില്ലയിലെ കരുവാരക്കുണ്ട്, കേരള എസ്റ്റേറ്റ്, ചോക്കാട്, കാളികാവ് വില്ലേജുകളിൽ ഉൾപ്പെട്ട വനാതിർത്തി മേഖല ഭാഗികമായി ഇക്കോ സെൻസിറ്റിവ് സോണിൽ ഉൾപ്പെടും.
ജില്ലയിലെ ഏക സങ്കേതമായ കരുളായി റേഞ്ചിലെ കരിമ്പുഴ വന‍്യജീവി സങ്കേതം ജനവാസകേന്ദ്രത്തോട് അകലം പാലിക്കുന്നതിനാൽ ജനജീവിതത്തെ സാരമായി ബാധിക്കില്ല.
കസ്തൂരി രംഗൻ റിപ്പോർട്ടിൽ പറയുന്നത് ഇക്കോ സെൻസിറ്റിവ് ഏരിയകളിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നാണ്. റിസർവ് വനങ്ങൾകൂടി ഉൾപ്പെട്ട വനഭൂമി ഇക്കോ സെൻസിറ്റിവ് ഏരിയകളുടെ പരിധിയിൽവരും. അതേസമയം, ദേശീയ പാർക്കുകൾക്കും വന‍്യജീവി സങ്കേതങ്ങൾക്കും ചുറ്റുമാണ് ഇക്കോ സെൻസിറ്റിവ് സോൺ വരുന്നത്. നിലമ്പൂർ നോർത്ത് ഡിവിഷനിലെ എടവണ്ണ, നിലമ്പൂർ, വഴിക്കടവ് റേഞ്ചുകളിലെ മലയോരവാസികളെ കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കില്ല.
ആശങ്ക പരിഹരിക്കണം -കർഷക കോൺഗ്രസ്
മലപ്പുറം: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കി.മീ. പരിസ്ഥിതി ലോലമേഖല നിർബന്ധമായും ഉണ്ടായിരിക്കണമെന്ന സുപ്രീകോടതിവിധി മലയോര മേഖലയിലെ ജനങ്ങളെയാകെ ഭീതിയിലാക്കിയിരിക്കുകയാണെന്ന് കേരള പ്രദേശ് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പരിധിയിൽ സ്ഥിരം കെട്ടിടങ്ങൾ പാടില്ലെന്ന വിധി നടപ്പായാൽ ജനവാസ മേഖലയിൽനിന്ന് നിരവധി കുടുംബങ്ങൾ കുടിയൊഴിയേണ്ടിവരും. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് അനുകൂലമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. വി.എസ്. ജോയി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എ.പി. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.ടി. സിദ്ദീഖ്, സിയാദ് മാലങ്ങാടൻ, ജില്ല വൈസ് പ്രസിഡന്‍റുമാരായ അബ്ബാസ് അലി, ഉണ്ണി, ടി.പി. ഉസ്മാൻ, കൃഷ്ണൻ, ആലസ്സൻ ഹാജി, ഫസലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.