കാട്ടാന ആക്രമണത്തിൽനിന്ന് രക്ഷപ്പെടൽ: സുനിലിന്റെ ഓർമകളിൽ ഭീതിയുടെ നിമിഷങ്ങൾ
text_fieldsനിലമ്പൂർ: വല്ലാത്ത പേടിപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അത്. രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് ഇപ്പോഴും ഒരു രൂപവുമില്ല. കഴിഞ്ഞ രാത്രി നാടുകാണി ചുരത്തിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ‘മാധ്യമം’ എടക്കര ലേഖകൻ സുനിലും കുടുംബവും ഇപ്പോഴും അതിൽനിന്ന് മുക്തരായിട്ടില്ല. പെരുന്നാൾ ദിനത്തിൽ ഭാര്യയോടും രണ്ട് മക്കളോടൊപ്പവുമാണ് സുനിൽ ബാബു വൈകീട്ട് അഞ്ചോടെ കാറിൽ ചുരം കയറിയത്. കൂടെ മറ്റൊരു കാറിൽ സഹോദരൻ റഷീദും കുടുംബവും ഉണ്ടായിരുന്നു. ചുരം താഴ്വാര കാഴ്ചകൾ കണ്ട് നാടുകാണിയിൽ വരെ പോയി രാത്രി എട്ടോടെയായിരുന്നു മടക്കം. പെരുന്നാൾ ദിനമായത് കൊണ്ട് റോഡിൽ നല്ല തിരക്കായിരുന്നു. ബൈക്ക് യാത്രികരായ യുവാക്കളാണ് കൂടുതൽ ഉണ്ടായിരുന്നത്.
കേരള അതിർത്തി പിന്നീട്ട് തേൻപ്പാറക്ക് സമീപമെത്തിയപ്പോൾ ബൈക്കുകളിലെത്തിയ ഒരുകൂട്ടം യുവാക്കൾ റോഡരികിൽ ആനകളുണ്ടെന്ന് മുന്നറിയിപ്പ് നൽകി. പിന്നീട് വാഹനങ്ങൾ വളരെ പതുകെയാണ് ചുരം ഇറങ്ങിയത്. ആനയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ കാറിലുണ്ടായിരുന്ന മകൾ പത്താംക്ലാസുകാരി അഫ്റ മൊബൈൽ ഫോണിൽ വിഡിയോ പിടിച്ചിരുന്നു. മുന്നിലെ കാറിലാണ് സഹോദരനും കുടുംബവും സഞ്ചരിച്ചിരുന്നത്. തകരപാടിയിലെത്തിയപ്പോൾ വളവിൽ പൊടുന്നനെയാണ് രണ്ട് ആനയും കുട്ടിയും കാറിന്റെ മുന്നിൽ കാണപ്പെട്ടത്. ആനക്കൂട്ടം റോഡിലേക്ക് കയറുകയായിരുന്നു. സഹോദരന്റെ കാർ ആനക്കൂട്ടത്തെ മറികടന്നുപോയി. റോഡിലിറങ്ങിയ കൂട്ടത്തിലെ ഒരാന കാറിനുനേരെ നടന്നുവന്നു. വാഹനം പിന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ തൊട്ടുപിറക്കിൽ ഉണ്ടായിരുന്ന കാർ പെട്ടെന്ന് ഹോൺ മുഴക്കി.
ഇതോടെ കരിവീരൻ കാറിനുനേരെ കുതിച്ചെത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന മക്കളും ഭാര്യയും അലറി കരഞ്ഞു. കലിപൂണ്ട ആന കാറിന്റെ ബോണറ്റിൽ തുടർച്ചയായി മൂന്നുതവണ ചവിട്ടി. മരണത്തെ മുഖാമുഖം കണ്ട നിമിഷം. കുട്ടിയാന കാറിനടുത്തേക്ക് ഓടിയെത്തി. കുട്ടിയാന സമീപമെത്തിയതോടെ ആന പിന്തിരിഞ്ഞു. ധൈര്യം വീണ്ടെടുത്ത് സുനിൽ കാർ മുന്നോട്ടെടുത്ത് രക്ഷപ്പെട്ടു. കാറിന്റെ മുന്നിലെ ബമ്പറും ഹെഡ് ലൈറ്റും തകർന്നിരുന്നു. ഭാര്യയുടെയും മക്കളുടെയും കൂട്ടകരച്ചിൽ ഇപ്പോഴും കാതുകളിൽ മുഴങ്ങുകയാണെന്ന് സുനിൽ പറഞ്ഞു. ഫോണിൽ റെക്കോഡ് ചെയ്യപ്പെട്ട ദൃശ്യം കാണുമ്പോൾ താനും കുടുംബവും രക്ഷപ്പെട്ടുവെന്നത് സുനിലിന് വിശ്വസിക്കാനാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.