കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സസ്പെൻഷൻ യൂനിയൻ നോക്കി നടപടിയെന്ന് പരാതി
text_fieldsനിലമ്പൂർ: പിന്നിലെ ഒരു ചക്രമില്ലാതെ ബസ് സർവിസ് നടത്തിയ സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തത് യൂനിയൻ നോക്കിയാണെന്ന് ആരോപിച്ച് കെ.എസ്.ടി വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് പരാതി നൽകി. നേരിട്ട് ബന്ധമില്ലാത്തവരെ നടപടിയിൽ ഉൾപ്പെടുത്തിയെന്നും എന്നാൽ, നേരിട്ട് ബന്ധമുള്ളവരെ രാഷ്ട്രീയസ്വാധീനം വെച്ച് ഒഴിവാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. രാത്രി ചാർജ്മാന്റെ ഡ്യൂട്ടിയിലുണ്ടായിരുന്നയാളെയും അസി. ഡിപ്പോ എൻജിനീയറെയും ബസ് ഡ്രൈവറെയും നടപടിയിൽനിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം.
അതേസമയം, ആരോപണത്തിൽ കഴമ്പില്ലെന്നും സസ്പെൻഷനിലായ ഏഴു പേരിൽ ഒരാൾ മാത്രമാണ് കെ.എസ്.ടി വർക്കേഴ്സ് യൂനിയനിൽപ്പെട്ടതെന്നും നാല് പേർ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) യൂനിയൻകാരാണെന്നും മറ്റുള്ളവർ ഒന്നിലും അംഗത്വമില്ലാത്തവരാണെന്നുമാണ് സി.ഐ.ടി.യു യൂനിയൻ പറയുന്നത്.
2021 ഒക്ടോബർ ഏഴിനാണ് നടപടിക്ക് ആധാരമായ സംഭവം. രാവിലെ ആറിന് നിലമ്പൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോയ ബസിന്റെ പിന്നിൽ ഫുട്ബോർഡിന്റെ ഭാഗത്ത് രണ്ട് ചക്രത്തിന് പകരം ഒരു ചക്രമാണുണ്ടായിരുന്നത്. യാത്രക്കിടെ ശബ്ദം കേട്ടാണ് സംഭവം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സർവിസ് മഞ്ചേരിയിൽ അവസാനിപ്പിച്ചു. സംഭവത്തിൽ മലപ്പുറം എസ്.എസ്.ക്യൂ ഇൻസ്പെക്ടർ സി. ബാലൻ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാരായി കണ്ട ഏഴു പേരെ എക്സിക്യൂട്ടീവ് ഡയറക്ടർ (വിജിലൻസ് വിഭാഗം) സസ്പെൻഡ് ചെയ്തത്.
നിലമ്പൂർ ഡിപ്പോയിൽ മെക്കാനിക്കുകളായ കെ.പി. സുകുമാരൻ, കെ. അനൂപ്, കെ.ടി. അബ്ദുൽ ഗഫൂർ, ഇ. രഞ്ജിത്ത് കുമാർ, എ.പി. ടിപ്പു മുഹ്സിൻ, ടയർ ഇൻസ്പെക്ടർ എൻ. അബ്ദുൽ അസീസ്, വെഹിക്കിൾ സൂപ്പർ വൈസറുടെ ചുമതലയിലുണ്ടായിരുന്ന കെ. സുബ്രഹ്മണ്യൻ എന്നിവരാണ് സസ്പെൻഷന് വിധേയരായവർ. ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയെന്നും ഇതുവഴി കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വരുത്തുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
തലേന്ന് ബസിന്റെ സ്പ്രിങ് സെറ്റ് അഴിച്ചുമാറ്റിയത് ലോഗ് ഷീറ്റിൽ രേഖപ്പെടുത്തിയില്ലെന്നതാണ് സുകുമാരൻ, അനൂപ്, അബ്ദുൽ ഗഫൂർ, രഞ്ജിത്ത് കുമാർ എന്നിവർക്കെതിരായ കുറ്റം. ബസിന്റെ ഒരു ടയർ അഴിച്ചെടുത്ത് സൂപ്പർ ഫാസ്റ്റിൽ ഘടിപ്പിച്ചു. ഈ വിവരം ലോഗ് ഷീറ്റിൽ രേഖപ്പെടുത്തുന്നതിൽ ടയർ ഇൻസ്പെക്ടർ അബ്ദുൽ അസീസ്, ടിപ്പു മുഹ്സിൻ എന്നിവർ വീഴ്ച വരുത്തി. ബസ് സർവിസിന് യോഗ്യമാണെന്ന് ഉറപ്പാക്കുന്നതിൽ സൂപ്പർ വൈസർ സുബ്രഹ്മണ്യനും വീഴ്ച വരുത്തിയെന്നാണ് കുറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.