എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു; മതിലും സ്കൂട്ടറും തകർത്തു
text_fieldsനിലമ്പൂരിൽ ഇടഞ്ഞ ആന മതിൽ തകർക്കുന്നു, കെ.എസ്.ടി.എ ഹാൾ റോഡിലേക്കിറങ്ങിയ ആന
നിലമ്പൂർ: നിലമ്പൂർ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ബ്രമണി വീട്ടിൽ ഗോവിന്ദൻ കുട്ടിയെന്ന ആനയാണ് ഇടഞ്ഞത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയെ നഗരമധ്യത്തിൽ ലക്ഷ്മിഗാർഡന് സമീപം കേശവദാസ് എന്നയാളുടെ പറമ്പിലെ മരത്തിലാണ് കെട്ടിയിരുന്നത്. എഴുന്നള്ളത്തിന് ഒരുക്കാൻ പാപ്പാൻമാർ എത്തിയപ്പോൾ കയർ പൊട്ടിച്ച് പാപ്പാൻമാർക്കു നേരെ പാഞ്ഞടുത്തു.
ഇവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വളപ്പിന്റെ മതിൽ തകർത്ത് ലക്ഷ്മിഗാർഡൻസ് റോഡിലിറങ്ങിയ ആന സമീപത്തെ വീടിന്റെ ഗേറ്റ് തകർത്തു. റോഡിലൂടെ സ്കൂട്ടറിൽ വരുകയായിരുന്ന കോലോത്തുമുറിയിലെ ജിതേഷ് ആനയെ കണ്ടതോടെ സ്കൂട്ടർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. കലിപൂണ്ട ആന സ്കൂട്ടർ ചവിട്ടിയും എടുത്തെറിഞ്ഞും തകർത്തു. 200 മീറ്ററോളം ആന കളത്തിൻകടവ് റോഡിലൂടെ പരാക്രമം കാണിച്ചു. പരിഭ്രാന്തിയിലായ ആളുകൾ ചിതറിയോടി. ക്ലിനിക്കുകൾ ധാരാളമുള്ള ആൾത്തിരക്കുള്ള നിരത്താണിത്. പരിശോധനക്കെത്തിയ രോഗികളും മറ്റും കെട്ടിടങ്ങൾക്കു മുകളിലേക്ക് കയറിയാണ് രക്ഷപ്പെട്ടത്.
വിവരമറിഞ്ഞ ഉടൻ നിലമ്പൂർ ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പൊലീസും വനപാലകരും റാപ്പിഡ് റെസ്പോൺസ് ടീമും ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി. റോഡിൽ നിന്നും ആളുകളെ മാറ്റുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. നാലരയോടെ പാപ്പാൻമാർ ഏറെ പരിശ്രമിച്ച് ആനയെ സ്വകാര്യ പറമ്പിലെ മരത്തിൽ നീണ്ട കയറിൽ കെട്ടി. അൽപനേരത്തിനു ശേഷം കയർപൊട്ടിച്ച ആന വീണ്ടും പരിഭ്രാന്തി പരത്തി. തുടർന്ന് പാപ്പാൻമാരും പൊലീസും ആർ.ആർ.ടിയും ചേർന്ന് ആന റോഡിലേക്കിറങ്ങാതിരിക്കാൻ നീളമുള്ള കയറിൽ മരത്തിൽ ചുറ്റി തടഞ്ഞുനിർത്തി. തുടർന്ന് വിറളിയെടുത്ത് പറമ്പിലൂടെ പരാക്രമം കാണിച്ചു. 5.45ഓടെ കുന്നംകുളത്ത് നിന്നും എലിഫന്റ് സ്ക്വാഡെത്തി പാപ്പാൻമാരുടെ സഹായത്തോടെ 6.15ഓടെ ചങ്ങലയിൽ തളച്ച് മരത്തിൽ കെട്ടി. ശാന്തനായതോടെ 7.30ന് ലോറിയിൽ കയറ്റി കൊണ്ടുപോയി. നാലുമണിക്കൂർ നേരമാണ് നിലമ്പൂർ നഗരത്തെ ഭീതിയിലാഴ്ത്തിയത്. ഭാഗ്യംകൊണ്ടാണ് ജീവാപായമില്ലാതെ ആളുകൾ രക്ഷപ്പെട്ടത്. ശാന്തസ്വഭാവക്കാരനായ ആന ഇതുവരെ പരാക്രമം കാണിക്കുകയോ ഇടയുകയോ ചെയ്തിട്ടില്ലെന്ന് പാപ്പാൻമാരും പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.