റാബിയക്കും മക്കൾക്കും വീട് ഒരുങ്ങുന്നു; യുവസംഘത്തിെൻറ കൈത്താങ്ങിൽ
text_fieldsനിലമ്പൂർ: ലഹരിക്ക് പിന്നാലെ പോവുന്ന യുവതലമുറക്ക് വഴികാട്ടിയാവുകയാണ് മമ്പാടിലെ ഒരു കൂട്ടം യുവാക്കൾ. പറക്കമുറ്റാത്ത മൂന്ന് കുട്ടികളെ സമ്മാനിച്ച് ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ജീവിതവഴിയിൽ അടിപതറിയ റാബിയക്കും മക്കൾക്കും സുരക്ഷിതമായ വീട് ഒരുക്കുകയാണിവർ. ഡോ. നിതിൻ അലി ചെയർമാനും എം. സജാത് കൺവീനറുമായ കമ്മറ്റിയിൽ പത്ത് പേരാണുള്ളത്. ഇതിൽ രണ്ടുപേർ വിദ്യാർഥികളാണ്. തറക്ക് ആവശ്യമായ മണ്ണും മണലും യുവ സംഘമാണ് ശേഖരിക്കുന്നത്. തങ്ങൾക്കറിയാവുന്ന വീട് നിർമാണ പ്രവൃത്തി ഇവർ ഏറ്റെടുത്തു ചെയ്യുന്നു. ബാക്കിയുള്ള പ്രവൃത്തികൾക്ക് മാത്രമാണ് വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്നത്. മുൻ കേരള ഫുട്ബാൾ ക്യാപ്റ്റൻ ആസിഫ് സഹീറിന്റെ സഹായവും സംഘത്തിനുണ്ട്. വീട് നിർമാണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നാട്ടിലെ സുമനസ്സുകളിൽനിന്ന് ലഭിക്കുന്നു.
20 വർഷം മുമ്പാണ് പറക്കമുറ്റാത്ത മൂന്ന് കുട്ടികളെയും റാബിയേയും ഉപേക്ഷിച്ച് ഭർത്താവ് നാടുവിട്ടുപോവുന്നത്. ഇതോടെ വല്ലപ്പോഴും ലഭിക്കുന്ന വനം വകുപ്പിലെ താൽക്കാലിക അടുക്കള പണിയും പുറമെയുള്ള വീടുപണിയും ചെയ്താണ് റാബിയ മക്കളെ പോറ്റുന്നതും വിദ്യാഭ്യാസം നൽകുന്നതും. ഇതിനിടയിൽ നല്ലൊരു വീട് എന്നത് സ്വപ്നം മാത്രമായി.
റാബിയയുടെ സ്വപ്നവീട് യാഥാർഥ്യമാക്കുകയാണ് യുവസംഘത്തിന്റെ ലക്ഷ്യം. മമ്പാട് കാരച്ചാലിൽ ജോയ് കുഞ്ചെറിയാൻ എന്ന ഇ.ഡി സൗജന്യമായി നൽകിയ അഞ്ച് സെന്റ് ഭൂമിയിലാണ് കരുതൽ വീട് ഒരുങ്ങുന്നത്. 10 ലക്ഷം രൂപ ചെലവ് കാണുന്ന വീട് പത്ത് മാസത്തിനകം നിർമാണം പൂർത്തിയാക്കി കുടുംബത്തിന് സമ്മാനിക്കാനാണ് യുവാക്കളുടെ കഠിനാദ്ധ്വാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.