നാടുകാണിയിലെ കാമറ ദൃശ്യങ്ങൾ മറ്റ് വകുപ്പുകൾക്ക് കൂടി നൽകണമെന്ന് ആവശ്യം
text_fieldsനിലമ്പൂർ (മലപ്പുറം): നികുതി വെട്ടിപ്പ് കണ്ടെത്താൻ ചരക്ക് സേവന നികുതി വിഭാഗം നാടുകാണി ചുരം ആനമറിയിൽ സ്ഥാപിച്ച അത്യാധുനിക കാമറ ദൃശ്യങ്ങൾ മറ്റു വകുപ്പുകൾക്ക് കൂടി പ്രയോജനപ്രദമാക്കണമെന്ന് ആവശ്യം. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി സഹകരിച്ചാണ് ചുരം റോഡ് കവാടത്തിൽ ജി.എസ്.ടി ടെക്നിക്കൽ വിഭാഗം ആധുനിക കാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
ചുരം റോഡ് വഴി നികുതി വെട്ടിച്ച് ചരക്ക് വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണിത്. തിരുവനന്തപുരത്തെ ജി.എസ്.ടി ടെക്നിക്കൽ വിഭാഗം കാര്യാലയത്തിലാണ് കാമറ ദൃശ്യങ്ങൾ കാണുക. സംശയമുള്ള ചരക്ക് വാഹനങ്ങളുടെ പോക്ക് വരവ് ജില്ലയിലെ ചരക്ക് സേവന നികുതി ഡെപ്യൂട്ടി കമീഷണറുടെ മൊബൈൽ ഫോണിലേക്ക് തിരുവനന്തപുരത്ത് നിന്ന് കൈമാറും. ഡെപ്യൂട്ടി കമീഷണർ അതത് ഇൻസ്പെക്ടർമാരുടെ മൊബൈൽ ഫോണിലേക്ക് ദൃശ്യങ്ങൾ നൽകിയാണ് നികുതി വെട്ടിപ്പ് പിടികൂടുന്നത്.
കാമറ സ്ഥാപിച്ചതിന് ശേഷം നാടുകാണി ചുരം വഴിയുള്ള ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് പിടികൂടാൻ കഴിഞ്ഞിട്ടുണ്ടെന്ന് ചരക്ക് സേവന നികുതി വകുപ്പ് അധികൃതർ പറയുന്നു. എന്നാൽ, എ.എൻ.പി.ആർ കാമറകളുടെ വ്യക്തമായ ചിത്രങ്ങൾ അതത് പരിധിയിലെ പൊലീസ് സ്റ്റേഷനുകളിലേക്കും വനം, മോട്ടോർ വാഹനം, എക്സൈസ് തുടങ്ങിയ വകുപ്പുകളിലേക്കും നേരിട്ട് ലഭ്യമാക്കണമെന്നാണ് ആവശ്യം. ദൃശ്യങ്ങൾ ലഭ്യമായാൽ കൂടുതൽ പ്രയോജനപ്രദമാവുമെന്നാണ് മറ്റു വകുപ്പുകൾ പറയുന്നത്.
അതേസമയം, കാമറ ദൃശ്യങ്ങൾ മറ്റു വകുപ്പുകളിലേക്ക് നേരിട്ട് നൽകുന്നത് സുതാര്യതയെ ബാധിക്കുമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ രേഖാമൂലം ആവശ്യപ്പെട്ടാൽ മറ്റു വകുപ്പുകൾക്ക് ദൃശ്യങ്ങൾ നൽകുന്നതിന് തടസ്സമില്ലെന്നും ചരക്ക് സേവന നികുതി വകുപ്പ് സാങ്കേതിക വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.