`കാട്ടാനയും കാട്ടുപന്നിയും ഉഴുതുമറിച്ച ജീവിതങ്ങൾ';നിലമ്പൂർ കാട്ടിലെ കൊലവിളി...
text_fieldsകാട്ടുമൃഗങ്ങളോടും പ്രകൃതിയോടും നേർക്കു നേർ നിന്ന്, വിയർപ്പിൽ നനഞ്ഞ മണ്ണിൽ ജീവിതം വിളയിച്ച, അതിജീവന ചരിത്രമാണ് മലയോര കർഷകർക്ക് പറയാനുള്ളത്. മാനമിരുണ്ടാൽ, നാട്ടിലും മലയിലും മഴ പെയ്താൽ, കാറ്റൊന്നു വീശിയാൽ ആ നെഞ്ചകങ്ങളിൽ മിടിപ്പുയരും. ജീവനും കൃഷിയും ചിവിട്ടിമെതിച്ച് ആനക്കൂട്ടമിറങ്ങുമ്പോൾ ഭീതിയോടെ നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ടവർ. ഉറ്റവരുടെ ജീവനിലേക്ക് നീണ്ട തുമ്പിക്കൈ പറിച്ചെടുത്ത ജീവിതങ്ങൾ ഒരുപാടുണ്ട്. കുടിയേറ്റ ഗ്രാമങ്ങളിൽ സമാധാനത്തോടെ രാവുറങ്ങാറില്ലിപ്പോൾ. കാട്ടുപന്നിക്കൂട്ടങ്ങളുടെ ശല്യമാണ് ഈയിടെയായി കർഷകരെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. മലയോര മേഖലയിലും അതിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലും നിത്യവും പന്നികളുെട വിളയാട്ടമാണ്. എല്ലാം കഴിഞ്ഞ് ബാക്കിയാവുന്നത് കണ്ണീരും തീരാത്ത കട ബാധ്യതയും. പലരും പിടിച്ചു നിൽക്കാനാവാതെ ആത്മഹത്യയുടെ വക്കിലാണ്. കാട്ടാനയും കാട്ടുപന്നിയും ഉഴുതുമറിച്ച, കർഷകരുടെ കണ്ണീരുവീണ മണ്ണിലൂടെ
'മാധ്യമം' ലേഖകർ നടത്തുന്ന യാത്ര ഇന്നു മുതൽ...
നിലമ്പൂർ കാട്ടിലെ കൊലവിളി
കുടിയേറ്റ ഗ്രാമങ്ങളിലെ ആനപ്പേടിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അടുത്ത കാലത്തുണ്ടായ നിരന്തര ആക്രമണം ഗ്രാമീണരെ ഒന്നടങ്കം കുടിയിറക്കത്തിന് പ്രേരിപ്പിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയില്ല. കാട്ടാന കൊലപ്പെടുത്തിയവരുടെ എണ്ണം നൂറോട് അടുക്കുകയാണ്. വനം ഉദ്യോഗസ്ഥനും കൈക്കുഞ്ഞും ഇതിൽ പെടും. കഴിഞ്ഞ വർഷത്തെ കാർഷിക നഷ്ടത്തിെൻറ കണക്കെടുത്താൽ തന്നെ കോടിയിലധികം വരും. നിലമ്പൂർ സൗത്ത്, നോർത്ത് ഡിവിഷനുകളും സൈലൻറ് വാലി കരുതൽ മേഖലയും ഉൾപ്പെടുന്നതാണ് ജില്ലയിലെ വനമേഖല. നോർത്തിൽ 440ഉം സൗത്തിൽ 320ഉം ചതുരശ്ര കി. മീറ്ററാണ് വനം. ഏഷ്യൻ ആനകളുടെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയെന്നറിയപ്പെടുന്ന നീലഗിരി ബയോസ്ഫിയറിലാണ് ഈ സംരക്ഷിത വനമേഖല. വഴിക്കടവ്, പോത്തുകല്ല്, ചാലിയാർ, കരുളായി, മൂത്തേടം, കാളികാവ്, കരുവാരകുണ്ട്, നിലമ്പൂർ, മമ്പാട്, എടപ്പറ്റ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വന്യജീവി ശല്യം ഏറെയാണ്. വനാതിർത്തി മേഖലയിൽ കൃഷി ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്. കാട്ടാനകൾക്ക് ഇഷ്ടപ്പെടാത്ത കൃഷി രീതി അവലംഭിക്കാനാണ് വനം വകുപ്പ് നിർദേശങ്ങളിലൊന്ന്. എന്നാൽ, പാട്ടഭൂമിയിൽ കൃഷി ചെയ്യുന്നവരാണ് കർഷകർ അധികവും.
ഹ്രസ്വകാല വിളകളാണ് ഇവർ ചെയ്യുന്നത്. മണ്ണിെൻറ ഘടനക്കനുസരിച്ച് മാത്രം കൃഷിസാധ്യമായ മേഖല കൂടിയാണ് തേക്കിൻ നാട്. കൃഷിയുടെ തരം മാറ്റുക എന്ന നിർദേശമൊന്നും അത്ര എളുപ്പമല്ല. കാട്ടുപന്നി ശല്യം രൂക്ഷമായത് ദിനം പ്രതി വാർത്തയായതോടെ മാനദണ്ഡങ്ങൾ പാലിച്ച് അവയെ വെടിവെച്ച് കൊല്ലാനുള്ള അനുമതി കർഷകർക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. എന്നാൽ, കാട്ടാന ശല്യത്തിന് ഇതുവരെ ഒരു പരിഹാരവുമായിട്ടില്ല. സോളാർ വേലിയും കിടങ്ങും നിലമ്പൂരിന് അനുയോജ്യമല്ലെന്നാണ് അധികൃതർ തന്നെ പറയുന്നത്. പിന്നെ അവശേഷിക്കുന്നത് ആന മതിലാണ്. എന്നാൽ, ഇതെന്ന് യാഥാർഥ്യമാകുമെന്ന ചോദ്യത്തിന് ആർക്കും ഉത്തരവുമില്ല. നഷ്ടപരിഹാര തുകയാണെങ്കിൽ പേരിനുമാത്രമാണ്. നഷ്ടത്തിെൻറ പകുതിപോലും ലഭിക്കുന്നില്ല.
അധികൃതർക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ട്. എന്നാൽ, കർഷകെൻറ ആധിയകറ്റാൻ ഇതൊന്നും മതിയാവുന്നില്ല. സർക്കാറിെൻറ ശ്രദ്ധ അടിയന്തരമായി പതിയേണ്ടതിവിടെയാണ്.
മരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചയാളാണ് സർ
25 വർഷത്തിലധികമായി കർഷകനാണ്. കാട്ടാന ശല്യംമൂലം പൊറുതിമുട്ടിയിരിക്കുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധമാണ് ഇപ്പോൾ കാട്ടാനശല്യം. പലരും കൃഷി ഉപേക്ഷിച്ച് മറ്റു മേഖലകളിലേക്ക് പോയി. മറ്റു തൊഴിലറിയാത്തതിനാലാണ് പിടിച്ചു നിൽക്കുന്നത്. കടം മാത്രമാണ് ഇപ്പോഴുള്ള മിച്ചം. അടുത്തിടെയും കാട്ടാന വാഴക്കൃഷി നശിപ്പിച്ചു. പാട്ടഭൂമി ആയതിനാൽ നഷ്ട പരിഹാരത്തിന് വനം വകുപ്പ് ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കാൻ പലപ്പോഴും കഴിയുന്നില്ല. നിരവധി തവണയാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. നഷ്ട പരിഹാരം ഒന്നും ലഭിച്ചിട്ടില്ല. കാട്ടാനക്ക് ഇഷ്ടമില്ലാത്ത കൃഷിയുടെ തരം മാറ്റാനാണ് വനം വകുപ്പ് പറയുന്നത്. മണ്ണിെൻറ ഘടനക്ക് അനുസരിച്ചുള്ള കൃഷിയല്ലേ സാധ്യമാകൂ. സ്വന്തം ഭൂമിയല്ലാത്തതിനാൽ തരം മാറ്റി ദീർഘകാല വിളകൾ ചെയ്യാനും കഴിയുന്നില്ല. വിളവെടുക്കാനായ വാഴക്കൃഷി അപ്പാടെ കാട്ടാന നശിപ്പിച്ചത് സഹിക്കാനാവാതെ മരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചയാളാണ് ഞാൻ. കൃഷിനാശം നേരിൽകണ്ട് ബോധ്യപ്പെട്ടാൽ പരിഹാര തുക നൽകാൻ വനം വകുപ്പ് തയാറാവണം. സോളാർ വേലി കാട്ടാനകളെ തടഞ്ഞു നിർത്താൻ പര്യാപ്തമല്ല. വേലിയുടെ തൂണുകൾ ചവിട്ടി താഴ്ത്തിയാണ് ആന കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കൃഷിയിടത്തിൽ ഏറുമാടം സ്ഥാപിച്ച് കാവൽ നിൽക്കുന്നുണ്ട്. ബഹളം വെച്ചാലും പടക്കം പൊട്ടിച്ചാലും ആനകൾക്ക് ഒരു കൂസലുമില്ല. ജീവൻ പണയപ്പെടുത്തിയാണ് കാവൽ നിൽക്കുന്നത്. നിലമ്പൂർ മേഖലക്ക് അനുയോജ്യം കിടങ്ങ് നിർമാണമാണ്. എന്നാൽ, കിടങ്ങിെൻറ രണ്ട് ഭാഗവും കരിങ്കല്ല് കൊണ്ട് കെട്ടിയാൽ മാത്രമേ ഇടിച്ചിൽ തടയാനാവൂ. വാഴ കൃഷിക്ക് അനുയോജ്യമായ മണ്ണാണെങ്കിലും കാട്ടാന ശല്യംമൂലം കൃഷി അസാധ്യമായിരിക്കുകയാണെന്നും വഴിക്കടവുകാരനായ ജോൺ മാത്യു പറയുന്നു.
ആവുന്നതെല്ലാം ചെയ്യുന്നു –കെ.ജെ. മാർട്ടിൻ ലോവൽ (നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ)
കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്കിറങ്ങുന്നത് തടയുന്നതിന് വനം വകുപ്പ് ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ. സർക്കാർ ഫണ്ട് മുഴുവനായും ചെലവഴിക്കുന്നു. കൂടുതൽ ഫണ്ട് ലഭ്യമാകേണ്ടതുണ്ട്. സോളാർ വേലി, കിടങ്ങ്, ആന മതിൽ എന്നിവയാണ് നിലമ്പൂർ മേഖലയിൽ ചെയ്തിട്ടുള്ളത്. ഒരു കിലോമീറ്റർ നീളത്തിൽ മതിൽ സ്ഥാപിക്കാൻ 85 ലക്ഷത്തോളം രൂപ ചെലവ് വരും.1.8 മീറ്റർ ഉയരത്തിലാണ് മതിൽ വേണ്ടത്. ഭാരിച്ച ചെലവ് മൂലം വനാതിർത്തികളിൽ സോളാർ വേലിയും ട്രഞ്ചുമാണ് കൂടുതലുള്ളത്. വഴിക്കടവ്, എടവണ്ണ, നിലമ്പൂർ റെയ്ഞ്ചുകളിലായി ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. 7.203 കിലോമീറ്റർ ട്രഞ്ചും 2.567 കിലോമീറ്റർ ആനമതിലുമുണ്ട്. കഴിഞ്ഞ മാർച്ച് വരെ ധനസഹായത്തിന് 446 അപേക്ഷകൾ ലഭിച്ചു. ഇതിൽ 393 എണ്ണത്തിൽ ധനസഹായം അനുവദിച്ചു. 284 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കാട്ടാനകളെ ആകർഷിക്കുന്ന കൃഷിരീതി വനാതിർത്തികളിൽ നിന്നും പരമാവധി ഒഴിവാക്കണം. ഏറുമാടങ്ങൾ നിർമിച്ചുള്ള കാവൽ കർഷകർ പാടെ നിർത്തി. ഇത് തുടരണം. ഓരോ കാർഷകെൻറയും കൃഷിയുടെ ഭാഗത്ത് നിർമിച്ച സോളാർ വേലി സംരക്ഷണത്തിന് അവർ മുന്നോട്ടു വരണം. കൂടുതൽ വാച്ചർമാരെ നിയമിച്ച് വനാതിർത്തികളിൽ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തും.
സോളാർ വേലിയും കിടങ്ങും നിലമ്പൂരിന് അനുയോജ്യമല്ല ഡി.എഫ്.ഒ, നിലമ്പൂർ സൗത്ത് ഡിവിഷൻ
സോളാർവേലിയും കിടങ്ങ് നിർമാണവുമാണ് നിലമ്പൂർ മേഖലയിൽ കൂടുതലും ചെയ്തിട്ടുള്ളത്. രണ്ടും ഇവിടത്തെ ഭൂപ്രകൃതിക്ക് അനുയോജ്യമല്ല. സോളാർ വേലിക്ക് മുകളിൽ മരക്കമ്പുകൾ വീഴാനും വള്ളികൾ പടർന്നുപിടിക്കാനും സാധ്യതയേറെയാണ്. ഇവ നീക്കം ചെയ്തില്ലെങ്കിൽ വൈദ്യുതി പ്രസരണം കുറയുന്നതോടെ വേലി ഫലപ്രദമല്ലാതാകും. തുടർച്ചയായി മഴ പെയ്യുന്നതിനാൽ മണ്ണിടിഞ്ഞ് രണ്ടു വർഷത്തിനിടെ ട്രഞ്ചുകൾ ഗുണകരമല്ലാതായി. ആനമതിൽ മാത്രമാണ് കുറച്ചെങ്കിലും ഫലം ചെയ്യുന്നത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഏറെ വിജയപ്രദമായി കണ്ട കമ്പികൾ തൂക്കിയിടുന്ന തരത്തിലുള്ള സോളാർവേലി ഇവിടെ ഫലപ്രദമാവുമെന്നാണ് കരുതുന്നത്. ഒരു കിലോമീറ്ററിന് നാലു ലക്ഷത്തോളം രൂപയാണ് ചെലവ് വരുന്നത്. ഇതിനുള്ള പ്രൊപ്പോസൽ സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്. വനാതിർത്തികളിലെ കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് പദ്ധതി നടപ്പാക്കാനും പ്രൊപ്പോസൽ തയാറാക്കി വരുന്നുണ്ട്. ഒരു കുടുംബത്തിന് 15 ലക്ഷം രൂപയാണ് അനുവദിക്കുക. അല്ലെങ്കിൽ അഞ്ച് ഏക്കർ വരെ ഭൂമി വാങ്ങുന്നതിന് സഹായ ധനം അനുവദിക്കാനുമാണ് നിർദേശം. 3.300 കിലോമീറ്റർ ട്രഞ്ച് നിർമിച്ചു. 4.795 ആനമതിലും 38.738 കിലോമീറ്റർ വേലിയും സ്ഥാപിച്ചു. 163 പന്നികളെ വെടിവെച്ചു കൊന്നു.
ജീവന് തന്നെ ഭീഷണി–എം.സി. അബു
നിലമ്പൂർ കെ.എ.പി ക്യാമ്പ് റോഡിലും പരിസരത്തും കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങി വരുന്നത് പോലും ഭീതിയോടെയാണ്. മതിലും ഗേറ്റും തകർത്താണ് കാട്ടാനകൾ പുരയിടത്തിലേക്ക് ഇറങ്ങുന്നത്. പകൽപോലും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലിറങ്ങുന്നു.
നിരവധി തവണ പരാതി നൽകിയെങ്കിലും ശാശ്വത നടപടി ഉണ്ടായിട്ടില്ല. രണ്ട് കിലോമീറ്റർ വേലി കെട്ടിയെങ്കിലും ഫലവത്തല്ല. പന്തീരായിരം മേഖലയിൽ നിന്നാണ് കാട്ടാനക്കൂട്ടം എത്തുന്നതെന്നാണ് വനം വകുപ്പ് രേഖാമൂലം തന്നിട്ടുള്ള മറുപടി. വനാതിർത്തിയിൽ വേലി സ്ഥാപിച്ച് ആന ശല്യം ഒഴിവാക്കാമെന്നാണ് ഉറപ്പു തന്നിട്ടുള്ളത്. കുങ്കിയാനകളുടെ സഹായത്തോടെ ഇവയെ ഉൾക്കാട്ടിലേക്ക് തുരത്തിയശേഷം മാത്രമേ വേലി സ്ഥാപിക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ ആനക്കൂട്ടം വീണ്ടും ഭീഷണിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.