പിടികിട്ടാപ്പുള്ളി 15 വര്‍ഷത്തിനു ശേഷം പിടിയില്‍
text_fieldsനിലമ്പൂര്‍: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 15 വര്‍ഷത്തിനുശേഷം നിലമ്പൂര്‍ പൊലിസിന്‍റെ പിടിയിലായി. എടക്കര കൗക്കാട്ട് താമസിക്കുന്ന പെരിന്തല്‍മണ്ണ പരിയാപുരം സ്വദേശി ഭരണികുളങ്ങര ബിജു എന്ന ജോസഫ് ആന്റണിയെയാണ് (45) മലപ്പുറം കോല്‍മണ്ണയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പിടിയിലാകുമ്പോള്‍ ഗുഡല്ലൂര്‍ സ്വദേശിനിയായ അല്‍ഫോന്‍സ എന്ന വ്യാജ പേരില്‍ അറിയപ്പെടുന്ന തമിഴ് യുവതിയും പത്തു വയസ്സിനു താഴെ പ്രായമുള്ള രണ്ട് കുട്ടികളും ഇയാളുടെ കൂടെയുണ്ടായിരുന്നു.
നിലമ്പൂര്‍ പൊലീസ് 2006ല്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചശ്രമ കേസിലാണ് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ബിജുവിനെ നിലമ്പൂര്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. വഴിക്കടവ്, രണ്ടാംപാടം, പുളിക്കല്‍ അങ്ങാടി, എടക്കര കൗക്കാട്, നിലമ്പൂര്‍ എരഞ്ഞിമങ്ങാട്, പാലക്കാട് കല്ലടിക്കോട്, എറണാകുളം കറുകുറ്റി, മഞ്ചേരി കൂമന്‍കുളം, ഗുഡല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച പ്രതി, ദീപം ട്രസ്റ്റ് എന്ന പേരില്‍ സ്വന്തമായി രശീതി ബുക്കുകള്‍ അച്ചടിച്ച് പല സ്ഥലങ്ങളിലും പിരിവ് നടത്തിയിരുന്നു.
ഭാര്യയെ അല്‍ഫോന്‍സ എന്ന വ്യാജ പേരില്‍ അവകാശിയാക്കിയാണ് പല സ്ഥലങ്ങളിലും ചാരിറ്റിയുടെ പേരില്‍ ബൈക്കില്‍ കറങ്ങി പിരിവ് നടത്തിയത്. ആശുപത്രികളിലും ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും തോര്‍ത്ത്, മുണ്ട് എന്നിവയുടെ വില്‍പനയും നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17ന് കുറ്റിപ്പുറത്ത് കാല്‍നടയാത്രക്കാരനായ കുട്ടിയെ ഇയാളുടെ ബൈക്ക് ഇടിച്ചു വീഴ്ത്തിയിരുന്നു. ബൈക്ക് നിര്‍ത്താതെ രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ പൊലീസിൽ ഏൽപ്പിച്ചു.
എന്നാൽ, ബോധക്ഷയം അഭിനയിച്ച് പൊലീസിനെ വട്ടം കറക്കിയ ഇയാൾ ആശുപത്രിയിലെത്തിച്ചപ്പോൾ മുങ്ങി. കഴിഞ്ഞ ഏപ്രിലില്‍ വണ്ടൂര്‍ മൂച്ചിക്കലിലും കറുകുറ്റി, എറണാകുളം എന്നിവിടങ്ങളിലും ബൈക്കപകടം വരുത്തി രക്ഷപ്പെട്ടു. നിലമ്പൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണു, ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ എം. അസൈനാര്‍, സി.പി.ഒമാരായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.