രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി കോളറ
text_fieldsനിലമ്പൂർ: വഴിക്കടവിൽ രണ്ട് കുട്ടികൾ ഉൾെപ്പടെ മൂന്ന് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഏഴും പത്തും വയസ്സുള്ള കുട്ടികളടക്കമുള്ളവർക്കാണ് രോഗം ബാധിച്ചത്. ഇതോടെ വഴിക്കടവിൽ മാത്രം 11 പേർക്ക് രോഗം സ്ഥിരീകരിച്ചു. എടക്കര, അമരമ്പലം, തൃക്കലങ്ങോട് പഞ്ചായത്തുകളിലും മൂന്ന് പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ജില്ലയിൽ കോളറ രോഗികളുടെ എണ്ണം ഇതോടെ 14 ആയി ഉയർന്നു. വഴിക്കടവിൽ രോഗലക്ഷണം മൂലം ചികിത്സയിലായിരുന്നവർക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. വഴിക്കടവിൽ മാത്രം 41 പേർക്ക് സമാന രോഗ ലക്ഷണമുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
90 ശതമാനം രോഗികളും സുഖപ്പെട്ട് വീടുകളിലേക്ക് മടങ്ങി വിശ്രമത്തിലാണ്. കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ (ജലനിധി) ഫീൽഡ് ടെസ്റ്റ് കിറ്റുകളും ആരോഗ്യവകുപ്പിന് കൈമാറി. ആദ്യഘട്ടത്തിൽ വഴിക്കടവിൽ 50 കിറ്റുകളാണ് നൽകിയിട്ടുള്ളത്. ഒരു കിറ്റ് ഉപയോഗിച്ച് 80 മുതൽ 100 വരെ വാട്ടർ സാമ്പിൾ പരിശോധിക്കാം. ഒരു സാമ്പിളിൽ നിന്നും ഫിസിക്കൽ, കെമിക്കൽ, ബാക്ടീരിയോളജിക്കൽ തുടങ്ങി 12 പാറ്റമീറ്റേഴ്സുകൾ അറിയാനാവും. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും മനസ്സിലാവും.
ബാക്ടീരിയയുടെ അളവ് എത്രത്തോളമുണ്ടെന്ന് 24 മണിക്കൂറിന് ശേഷമേ മനസ്സിലാവൂ. അതേസമയം, വെള്ളം ഉപയോഗശൂന്യമാണോയെന്ന് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലൂടെ അര മണിക്കൂറിനകം മനസ്സിലാക്കാൻ കഴിയുമെന്ന് കെ.ആർ.ഡബ്ല്യു.എസ് റീജനൽ പ്രോജക്ട് ഡയറക്ടർ സഹീർ ‘മാധ്യമ’ത്തോട് പറഞ്ഞു. ആശ വർക്കർമാർക്ക് മൂന്ന് ദിവസത്തെ പരിശീലനവും ഇവർ നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടാൽ കൂടുതൽ കിറ്റുകൾ നൽകാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് പ്രതിരോധ നടപടി ശക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ കിണറുകളും ജലസ്രോതസ്സുകളും ആശ വർക്കർമാർ മുഖേന ക്ലോറിനേഷൻ ചെയ്തുവരുന്നുണ്ട്. ടാങ്കുകളിൽ ഉപയോഗിക്കുന്നതിന് ക്ലോറിൻ ടാപ് ലെറ്റുകളും നൽകുന്നുണ്ട്. 20 ലിറ്റർ വെള്ളത്തിൽ ഒരു ടാപ് ലെറ്റാണ് ഉപയോഗിക്കേണ്ടത്. സമീപ പഞ്ചായത്തുകളിലേക്കും പ്രതിരോധ നടപടികളും ബോധവത്കരണവും വ്യാപിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.