തടി ഡിപ്പോകളിൽ നിയന്ത്രണം; മരവ്യാപാരികളുടെ പരാതിയിൽ അന്വേഷണം തുടങ്ങി
text_fieldsനിലമ്പൂർ: വനംവകുപ്പിന്റെ നിലമ്പൂർ അരുവാക്കോട്, നെടുങ്കയം തടി ഡിപ്പോകളിൽ അംഗീകൃത വ്യാപാരികൾക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ മരവ്യാപാരികൾ നൽകിയ പരാതിയിൽ വനം വിജിലൻസ് അന്വേഷണം തുടങ്ങി. വനം വകുപ്പ് മന്ത്രിക്കും വനംവിജിലൻസിനുമാണ് അംഗീകൃത തടി വ്യാപാരികൾ പരാതി നൽകിയത്. പരാതികളിൽ അന്വേഷണം ആരംഭിച്ചതായി വനംവിജിലൻസ് കോഴിക്കോട് ഡി.എഫ്.ഒ ജയപ്രകാശ് അറിയിച്ചു. നിലമ്പൂർ വിജിലൻസ് റേഞ്ച് ഓഫിസറാണ് അന്വേഷണം നടത്തുന്നത്. പാലക്കാട് ടിമ്പർ സെയിൽസ് ഡിവിഷൻ ഡി.എഫ്.ഒ രാജീവിന്റെ നിർദേശപ്രകാരമാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
പാലക്കാട് ടിംബർ സെയിൽ ഡിവിഷന് കീഴിലാണ് വനംവകുപ്പിന്റെ ജില്ലയിലെ അംഗീകൃത തടി വിൽപന കേന്ദ്രങ്ങളായ അരുവാക്കോട്, നെടുങ്കയം ടിമ്പർ സെയിൽസ് ഡിപ്പോകളുള്ളത്. പ്രവൃത്തി ദിവസങ്ങളിലും ഒഴിവ് ദിവസങ്ങളിലും വ്യാപാരികൾക്ക് ഡിപ്പോയിലെത്തി തടികൾ കാണാനും മറ്റും തടസ്സങ്ങളില്ലായിരുന്നു. വ്യാപാരികൾ വിളിച്ചെടുത്തതും ലേലത്തിന് ഒരുക്കുന്നവയുമായ തടികൾ കാണാനും ആവശ്യക്കാർക്ക് കാണിച്ച് കൊടുക്കാനും കഴിഞ്ഞിരുന്നു. എന്നാൽ, മൂന്ന് മാസമായി ഡിപ്പോയിലേക്ക് പ്രവേശിക്കാനുള്ള ഗേറ്റിൽ ഡ്യൂട്ടിക്ക് ആളെ നിയോഗിച്ച് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
വനം വകുപ്പിന് തടി ലേലത്തിലൂടെ ഏറ്റവും ഉയർന്ന വില ലഭിക്കുന്നതും നികുതി വരുമാനത്തിൽ വലിയ തുക സർക്കാറിലേക്ക് ലഭിക്കുന്നതും ജില്ലയിലെ ഈ രണ്ട് ഡിപ്പോകളിൽനിന്നാണ്. പുതിയ നിയന്ത്രണതോടെ ഡിപ്പോകളിൽ നടക്കുന്ന ഇ-ലേലങ്ങളിൽ വിറ്റുപോകുന്ന തടികളുടെ അളവിൽ വലിയ കുറവുണ്ട്. പാലക്കാട് ടിംബർ ഡിവിഷന് കീഴിൽ മാത്രമാണ് ഈ നിയന്ത്രണമുള്ളതെന്ന് വ്യാപാരികൾ പറയുന്നു.
നിയന്ത്രണം കടുപ്പിച്ചാൽ ഇ-ലേലത്തിൽ നിന്നും തങ്ങൾ വിട്ടുനിൽക്കുമെന്ന് വ്യാപാരികൾ പരാതിയിൽ പറയുന്നു. അതേസമയം, അവധി ദിവസങ്ങളിൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് ഡിപ്പോയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പാലക്കാട് ടിംബർ സെയിൽസ് ഡി.എഫ്.ഒ രാജീവ് പറഞ്ഞു. മറ്റു ദിവസങ്ങളിൽ അംഗീകൃത വ്യാപാരികൾ പേരും മേൽവിലാസവും ഫോൺ നമ്പറും നൽകിയാൽ ഡിപ്പോയിൽ പ്രവേശിക്കാൻ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.