നാടുകാണി ചുരത്തിൽ വൻമരം വീണു; കെ.എസ്.ആർ.ടി.സി കണ്ടക്ടർ വാളെടുത്തു
text_fieldsനിലമ്പൂർ: നാടുകാണി ചുരം റോഡിലേക്ക് വീണ കൂറ്റൻമരം അറുത്തുമാറ്റി കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ യാത്രക്കാർക്ക് വഴിയൊരുക്കി. കൽപ്പറ്റ-തൃശൂർ ബസിലെ കണ്ടക്ടർ വയനാട് സ്വദേശി കുറുപറമ്പിൽ ഗിരീഷാണ് മാതൃകാപ്രവർത്തനം നടത്തിയത്.
കേരള അതിർത്തിക്ക് സമീപം തമിഴ്നാടിന്റെ ഭാഗത്താണ് വെള്ളിയാഴ്ച രാവിലെ ഏഴോടെ റോഡിന് കുറുകെ കൂറ്റൻമരം വീണത്. 7.15 ഓടെയാണ് കെ.എസ്.ആർ.ടി.സി ബസ് ഇവിടെയെത്തിയത്. വാഹനങ്ങളുടെ നീണ്ടനിര കണ്ടപ്പോൾ കണ്ടക്ടർ ഗിരീഷ് പുറത്തിറങ്ങി. റോഡിൽ മരം വീണതാണെന്ന് അറിഞ്ഞതോടെ ഗിരീഷും മറ്റു യാത്രക്കാരും തമിഴ്നാട് ഹൈവേ വകുപ്പുമായി ഫോണിൽ ബന്ധപ്പെട്ടു.
തങ്ങൾ ഊട്ടിക്കടുത്താണെന്നും എത്താൻ ഏറെ വൈകുമെന്നുമായിരുന്നു മറുപടി. അപ്പോഴേക്കും റോഡിൽ വാഹനങ്ങളുടെ നീണ്ടനിരയായി. ഇതിനിടയിൽ കാറിലെത്തിയ ഒരാൾ വണ്ടിയിൽ മരംമുറിയന്ത്രമുണ്ടെന്നും എന്നാൽ തനിക്ക് ഉപയോഗിക്കാൻ അറിയില്ലെന്നും പറഞ്ഞു. ഉപകരണം വാങ്ങി ഗിരീഷ് കൂറ്റൻമരം കഷ്ണങ്ങളാക്കി.
യാത്രക്കാരുടെ സഹായത്തോടെ തടിക്കഷ്ണങ്ങൾ റോഡരികിലേക്ക് മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. 20 വർഷമായി കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്ന, കൃഷിക്കാരൻ കൂടിയായ ഗിരീഷിന് ഇത് എളുപ്പത്തിൽ കൈകാര്യം ചെയ്യാനായി. അരമണിക്കൂറിനുള്ളിൽ കൂറ്റൻമരം മുറിച്ചുമാറ്റി ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.