ആദിവാസികളുടെ ഭൂസമരം 143 ദിവസം പിന്നിട്ടു
text_fieldsനിലമ്പൂർ: നിലമ്പൂർ ഐ.ടി.ഡി.പി ഓഫിസിന് മുന്നിൽ 143 ദിവസമായി തുടരുന്ന ഭൂമിക്കായുള്ള ആദിവാസികളുടെ ഉപവാസ സമരത്തിന് പിന്തുണയേകി രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ ആദിവാസി സമര സഹായ സമിതി രൂപവത്കരിച്ചു. ആദിവാസി സമര ചരിത്രത്തിലെ സുപ്രധാന സമരമാണ് നിലമ്പൂരിലെ ആദിവാസി സ്ത്രീകൾ നേതൃത്വം നൽകുന്ന ഭൂസമരമെന്ന് സമരസഹായ സമിതി വിലയിരുത്തി. സമരം ഒത്തുതീർപ്പിലെത്തിക്കാൻ സർക്കാർ തലത്തിൽനിന്ന് ക്രിയാത്മകമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സമിതി കുറ്റപ്പെടുത്തി.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി, ബഹുജൻ ദ്രാവിഡ പാർട്ടി, ബഹുജൻ സമാജ് വാദി പാർട്ടി, ജനാതിപത്യ യുവജനപ്രസ്ഥാനം, ആദിവാസി ഭൂസമര സമിതി എന്നീ സംഘടന പ്രതിനിധികളെ ഉൾപെടുത്തിയാണ് 15 അംഗ സമരസഹായസമിതി രൂപവത്കരിച്ചത്.
ചെയർമാനായി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എറിഞ്ഞിക്കൽ, വൈസ് ചെയർമാനായി വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, കൺവീനറായി ഗിരിദാസൻ പെരുവമ്പാടം, ജോയന്റ് കൺവീനറായി ഡി.വൈ.എം സംസ്ഥാന സെക്രട്ടറി സി.പി. നഹാസ്, ജോയന്റ് കൺവീനറായി ബഹുജൻ ദ്രാവിഡ പാർട്ടി ലീഡർ ചന്ദ്രൻ മഞ്ചേരി, ട്രഷററായി വെൽഫെയർ പാർട്ടി ഏറനാട് മണ്ഡലം പ്രസിഡന്റ് മജീദ് ചാലിയാർ എന്നിവരെയും തെരഞ്ഞെടുത്തു.
സമിതി രൂപവത്കരണ യോഗത്തിൽ ബഹുജൻ ദ്രാവിഡ പാർട്ടി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ, എസ്.ഡി.പി.ഐ നിലമ്പൂർ മണ്ഡലം പ്രസിഡന്റ് കെ.കെ. മുഹമ്മദ് ബഷീർ, എസ്.ഡി.പി.ഐ നിലമ്പൂർ മണ്ഡലം ട്രഷറർ എ.പി. സഫീർ, വെൽഫെയർ പാർട്ടി ജില്ല ട്രഷറർ മുനീബ് കാരക്കുന്ന് എന്നിവർ സംസാരിച്ചു. സമര സഹായ സമിതിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ നിലമ്പൂരിൽ ഭൂസമര കൺവെൻഷൻ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.