വിഭജനം കാത്ത് വഴിക്കടവ്
text_fieldsനിലമ്പൂർ: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ വഴിക്കടവ് പതിറ്റാണ്ടുകളായി വിഭജനത്തിനായി കാത്തിരിക്കുകയാണ്. മുൻ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് വിഭജന ഉത്തരവ് പുറത്തിറക്കിയെങ്കിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പോടടുത്തുള്ള വിഭജനം പിന്നീട് ആക്ഷേപത്തിന് ഇടയാക്കി. ഇതോടെ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് ഉത്തരവ് ഇറക്കണമെന്നാണ് ചട്ടം.
ചുരുങ്ങിയത് മൂന്ന് ഐ.എ.എസ് ഓഫിസർമാർ ഉൾപ്പെട്ട ഡിലിമിറ്റേഷൻ കമ്മിറ്റി രൂപവത്കരിച്ച് ഇവരുടെ പഠന റിപ്പോർട്ടിന് ശേഷമാണ് വിഭജനം നടത്തേണ്ടതെന്ന മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്നതും തടസ്സമായി. സി.പി.എം, കോൺഗ്രസ്, മുസ് ലിം ലീഗ് എന്നിവർ വിഭജനത്തിനായി വ്യത്യസ്ത കാലയളവിൽ സർക്കാരിലേക്ക് പ്രൊപ്പോസൽ നൽകിയിരുന്നു. ഇപ്പോഴത്തെ സർക്കാറിന്റെ കാലത്തും വഴിക്കടവിന്റെ വിഭജനം സജീവ ചർച്ചക്ക് വന്നെങ്കിലും സർക്കാരിന്റെ സാമ്പത്തിക ബാധ്യത കണ്ട് പിന്നീട് ഫയൽ മടക്കി. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന പഞ്ചായത്താണിത്.
1995 മുതൽ തന്നെ പഞ്ചായത്ത് വിഭജിച്ച് മരുത കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപവത്കരണം ആവശ്യം ഉയർന്നിരുന്നു. മരുത, വഴിക്കടവ് എന്നീ രണ്ട് മേഖലകളായാണ് പഞ്ചായത്ത് വ്യാപിച്ച് കിടക്കുന്നത്. 23 വാർഡുകളാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനർനിർണയത്തിന്റെ പുതിയ പട്ടികയിൽ വാർഡുകളുടെ എണ്ണം 24 ആയിട്ടുണ്ട്. 2011 ലെ കണക്കെടുപ്പ് പ്രകാരം 51,000 ലധികമാണ് ജനസംഖ്യ. വഴിക്കടവ് പഞ്ചായത്ത് അങ്ങാടി കേന്ദ്രീകരിച്ചാണ് പഞ്ചായത്ത് ഓഫിസും അനുബന്ധ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.
മരുത മേഖലയിലെ നാരോക്കാവ് ഭാഗത്തുള്ളയാൾക്ക് പഞ്ചായത്ത് ഓഫിസിലെത്തണമെങ്കിൽ എടക്കര വഴി 18 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യണം. മൃഗാശുപത്രി, കൃഷിഭവൻ, വില്ലേജ് ഓഫിസ്, കുടുംബശ്രി ഓഫിസ് തുടങ്ങിയ ഓഫിസുകളെല്ലാം പഞ്ചായത്ത് അങ്ങാടിയിലാണ്. മരുത മേഖലയിലെ തണ്ണിക്കടവ്, മദ്ദളപ്പാറ, വേങ്ങാപ്പാടം, വെണ്ടെക്കുംപൊട്ടി, മാമാങ്കര, കബ്ലക്കല്ല്, നരുവാലമുണ്ട, നാരോക്കാവ്, മേക്കൊരവ, കുന്നുമ്മൽപൊട്ടി തുടങ്ങി പത്ത് വാർഡുകൾ മരുത പഞ്ചായത്തിൽ ഉൾപ്പെടുത്തി ജനസംഖ്യ അനുപാതികമായി15 വാർഡുകളായി ഉയർത്തി ചക്കപ്പാടം കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപവത്കരിക്കണമെന്നായിരുന്നു പ്രൊപ്പോസൽ.
ചക്കപ്പാടത്ത് അരയേക്കറോളം പുറമ്പോക്ക് ഭൂമിയുണ്ട്. ഇവിടെ പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമിക്കാം. 2011ലെ സെൻസസ് പ്രകാരം മരുത മേഖലയിൽ 7281 കുടുംബങ്ങളും വഴിക്കടവ് കേന്ദ്രീകരിച്ച് 9823 കുടുംബങ്ങളുമുണ്ട്. 2024 ആയപ്പോഴേക്കും പഞ്ചായത്തിലെ ജനസംഖ്യ 65,000 കടന്നുവെന്നാണ് പ്രാഥമിക കണക്ക്. ജനസംഖ്യ ആനുപാതികമല്ലാതെ ഓരോ പഞ്ചായത്തിനുമാണ് സർക്കാർ ഫണ്ട് ലഭിക്കുന്നത്. ഇതുമൂലം പഞ്ചായത്തിലെ കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങളും വികസന പ്രവർത്തനങ്ങളും എത്തിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് ആവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.