യാത്രാനിരോധനം അറിഞ്ഞില്ല; നാടുകാണി ചുരത്തിലെത്തിയത് നൂറിലധികം വാഹനങ്ങൾ
text_fieldsനിലമ്പൂർ: പൂർണ യാത്രാനിരോധനം ഏർപ്പെടുത്തിയത് അറിയാതെ നാടുകാണി ചുരത്തിലെത്തിയത് നൂറിലധികം ചരക്ക് വാഹനങ്ങൾ. ചുരത്തിൽ അത്തിക്കുറുക്കിൽ റോഡിൽ വിള്ളലുണ്ടായതിനെ തുടർന്നാണ് ഞായറാഴ്ച രാത്രി എട്ടോടെ ജില്ല കലക്ടർ ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്.
വിള്ളലുണ്ടായ ഭാഗത്ത് വിദഗ്ധ സംഘം നടത്തിയ പ്രാഥമിക പരിശോധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കലക്ടർ നിരോധനം ഏർപ്പെടുത്തിയത്.
പ്രദേശത്ത് ശക്തമായ മഴയും ഞായറാഴ്ച വൈകീട്ട് വരെ നിലനിന്നിരുന്നു. ചുരം താഴ്വാര പ്രദേശമായ പുന്നക്കല്ലിലെ 60ഓളം കുടുംബങ്ങളെ ഞായറാഴ്ച രാത്രി പത്തോടെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
എന്നാൽ, യാത്രനിരോധനം അറിയാതെ നൂറിലധികം ചരക്ക് വാഹനങ്ങൾ തമിഴ്നാട്, കേരള ഭാഗങ്ങളിൽനിന്ന് ചുരം അതിർത്തികളിലായെത്തി.
ശക്തമായ മഴയെ തുടർന്ന് രാത്രി എട്ടുമുതൽ രാവിലെ ആറുവരെ നേരത്തേ ചുരത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം രാത്രി എത്തിയ വാഹനങ്ങൾ തമിഴ്നാട് ഭാഗത്ത് നാടുകാണിയിലും കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ വഴിക്കടവ് ആനമറിയിലുമായി ചുരത്തിെൻറ ഇരുഭാഗങ്ങളിലും നിർത്തിയിട്ടിരുന്നു.
ഈ വാഹനങ്ങളും രാവിലെ ചരക്ക് എടുക്കാനായെത്തിയ വാഹനങ്ങളുമാണ് നിരത്തിൽ കുടുങ്ങിയത്. ഇതര സംസ്ഥാനത്ത് നിന്നുള്ള ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറുകൾ നിർത്തിയിട്ടതോടെ കോവിഡ് വ്യാപന ഭീഷണി ചൂണ്ടിക്കാട്ടി പ്രേദശവാസികൾ പ്രതിഷേധിച്ചു.
തടഞ്ഞിട്ട വാഹനങ്ങൾ കടത്തിവിടാനുള്ള നടപടി വേഗത്തിലാക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
ഗതാഗത നിരോധനം നീക്കി; ഒറ്റവരി പാത വഴി യാത്ര തുടരാം, രാത്രിയാത്ര നിരോധനം തുടരും
നിലമ്പൂർ: നാടുകാണി ചുരം വഴി പൊലീസ് നിയന്ത്രണത്തോടെ ഒറ്റവരി പാതയിൽ യാത്രക്ക് അനുമതി. റോഡ് വിള്ളലിനെ തുടർന്ന് ജില്ല ജിയോളജി വകുപ്പും പൊതുമരാമത്ത് റോഡ് വിഭാഗവും നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി കലക്ടർ ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു. നിരോധനം തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് പിൻവലിച്ചത്.
രാത്രി എട്ടുമുതൽ രാവിലെ ആറ് വരെയുള്ള ഗതാഗത നിയന്ത്രണം തുടരും. ജിയോളജിസ്റ്റ് ഡോ. എ.കെ. മനോജ്, അസി. ജിയോളജിസ്റ്റ് സുഭേഷ് കൊട്ടിയിൽ, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് അഷറഫ്, അസി. എൻജിനീയർ സി.ടി. മുഹസിൻ എന്നിവരടങ്ങിയ സംഘമാണ് അത്തിക്കുറുക്കിൽ വിള്ളലുണ്ടായ ഭാഗങ്ങൾ പരിശോധിച്ചത്.
വിള്ളലുണ്ടായ റോഡിെൻറ വലതുഭാഗത്തെ ചെങ്കുത്തായ മലപ്രദേശത്തുനിന്ന് കുത്തിയൊലിച്ച് വരുന്ന മഴവെള്ളത്തിെൻറ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ടതോടെ ഉണ്ടായ മണ്ണിടിച്ചിലാണ് അത്തിക്കുറുക്കിലുണ്ടായതെന്ന് സംഘം പറഞ്ഞു.
വിള്ളലുണ്ടായ ഭാഗത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇവിടെയുള്ള മണ്ണ് മുഴുവനായും നീക്കം ചെയ്തശേഷം ഉടൻ തന്നെ വീണ്ടും മതിയായ രീതിയിൽ മണ്ണ് നിറച്ച് ബലപ്പെടുത്താനാണ് ജിയോളജി വകുപ്പ് നിർദേശം.
താൽക്കാലികമായി വിള്ളലുണ്ടായയിടത്ത് പൊലീസ് നിയന്ത്രണത്തോടെ ഒറ്റവരി പാത വഴി ചരക്ക് വാഹനങ്ങൾ ഉൾെപ്പടെയുള്ളവക്ക് പോകാമെന്നും വകുപ്പ് അറിയിച്ചു. ശക്തമായ മഴയുണ്ടായാൽ താഴ്വാരത്തെ കുടുംബങ്ങളെ മാറ്റണമെന്നും ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു, വാർഡ് അംഗം പി. ഹക്കീം, വഴിക്കടവ് വില്ലേജ് ഓഫിസർ പി.ആർ. ബാബുരാജ്, അസി. വില്ലേജ് ഓഫിസർ അഷറഫ്, ഊരാളുങ്കൽ ലേബർ സൊസൈറ്റി ഡയറക്ടർ കെ.ടി.കെ. അജി, ലീഡർ ടി.പി. രാജീവൻ, എൻജിനീയർ എ. നിജിൽ, വഴിക്കടവ് എസ്.ഐ ജയകൃഷ്ണൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.