വഴിക്കടവ് ചെക്ക്പോസ്റ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന
text_fieldsനിലമ്പൂർ: വഴിക്കടവ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ മലപ്പുറം പൊലീസ് വിജിലൻസിന്റെ മിന്നൽ പരിശോധന. മോട്ടോർ വാഹന ചെക്ക് പോസ്റ്റ്, എക്സൈസ് ചെക്ക് പോസ്റ്റ്, മണിമൂളി മൃഗ സംരക്ഷണ വകുപ്പിന്റെ കാലി വസന്ത നിർമാർജന യൂനിറ്റ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങളിലാണ് വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖ്, ഇൻസ്പെക്ടർ ശശിധരൻ മേലേതിൽ എന്നിവരുടെ നേതൃത്വത്തിൽ പുലർച്ച അഞ്ചിന് പരിശോധന നടന്നത്. മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ കണക്കിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൈവശം 4000 രൂപ കാണിച്ചിരുന്നെങ്കിലും 2650 രൂപയുടെ കുറവുണ്ടായിരുന്നു. പ്യൂൺ 1500 രൂപ കാണിച്ചപ്പോൾ 610 രൂപയുടെ കുറവ് കണ്ടു.
കൈവശത്തുക പെരുപ്പിച്ചു കാണിച്ച് ചെക്ക് പോസ്റ്റിലെത്തുന്ന വാഹനങ്ങളിൽനിന്ന് മാമൂലായി ലഭിക്കുന്ന പണം മറച്ചുവെക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് വിജിലൻസ് മനസ്സിലാക്കുന്നത്. 24 മണിക്കൂറും പ്രവർത്തിപ്പിക്കേണ്ട മണിമൂളിയിലെ കാലിവസന്ത നിർമാർജന ചെക്ക്പോസ്റ്റിൽ വിജിലൻസ് എത്തിയപ്പോൾ ഓഫിസ് അടഞ്ഞുകിടക്കുകയായിരുന്നു. ആശുപത്രിയുടെ മുൻവാതിൽ തുറന്നുകിടന്നിരുന്നെങ്കിലും ഓഫിസിൽ ജീവനക്കാരുമുണ്ടായിരുന്നില്ല.
രാവിലെ 8.30ഓടെ ആശുപത്രിയിലെ പ്യൂൺ എത്തിയെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെത്തിയില്ല. ആനമറിയിലെ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടൊന്നും കണ്ടെത്താനായില്ല. കാലിവസന്ത നിർമാർജന യൂനിറ്റിൽ ഡ്യൂട്ടിക്ക് ഹാജറാവാത്ത ജീവനക്കാർക്കെതിരെയും മോട്ടോർവാഹന ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ശിപാർശ ചെയ്ത് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. വിജിലൻസ് എസ്.ഐ ശ്രിനിവാസൻ, എ.എസ്.ഐ സലീം, സീനിയർ സി.പി.ഒമാരായ വിജയൻ, പ്രക്ഷോഭ്, സന്തോഷ്, സി.പി.ഒമാരായ സുബിൻ, അഭിജിത്ത്, കെ. സുനിൽ, ഗസറ്റഡ് ഉദ്യോഗസ്ഥരായ മമ്പാട് കൃഷി ഓഫിസർ വി.എം. സമീർ, തുവ്വൂർ കൃഷി ഓഫിസർ ഷഫീഖ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.