വനത്തിലെ ആദിവാസികള്‍ക്ക് രണ്ടാഴ്ചക്കകം വെള്ളവും സൗകര്യങ്ങളും എത്തിക്കണം -ഹൈകോടതി
text_fieldsനിലമ്പൂർ: നിലമ്പൂര്‍ വനത്തില്‍ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് രണ്ടാഴ്ചക്കകം കുടിവെള്ളവും വൈദ്യുതിയും ഇ-ടോയ്ലറ്റ് സൗകര്യവും എത്തിക്കണമെന്ന് ഹൈകോടതി. പ്രളയത്തില്‍ പാലവും വീടുകളും തകര്‍ന്ന് നാല് വര്‍ഷമായി ഉള്‍വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് ഷെഡുകളില്‍ ദുരിതജീവിതം നയിക്കുന്ന നിലമ്പൂരിലെ 300 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. 2018ലെ പ്രളയത്തില്‍ ഒലിച്ചുപോയ ചാലിയാര്‍ പുഴക്ക് കുറുകെയുള്ള ഇരുട്ടുകുത്തി കടവില്‍ പാലം നിര്‍മിക്കാന്‍ 5.76 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ പുരോഗതി അടക്കമുള്ള കാര്യങ്ങളുടെ പരിശോധന രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.
പ്രളയത്തില്‍ തകര്‍ന്ന പാലവും വീടുകളും പുനര്‍നിര്‍മിക്കുക, ആദിവാസി കുടുംബങ്ങള്‍ക്ക് കൃഷിചെയ്യാന്‍ മതിയായ ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും നിലമ്പൂര്‍ നഗരസഭ മുന്‍ ചെയര്‍മാനുമായ ആര്യാടന് ഷൗക്കത്ത്, മുണ്ടേരി വാണിയമ്പുഴ കോളനിയിലെ സുധ വാണിയമ്പുഴ എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. പീയുസ് എ. കൊറ്റം ഹാജറായി. 2019ലെ പ്രളയത്തിലാണ് ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി ഇരുട്ടുകുത്തി കടവില്‍ പാലം ഒലിച്ചുപോയി മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാര്‍ ഒറ്റപ്പെട്ടത്. ഇരുട്ടുകുത്തി, വാണിയമ്പുഴ കോളനികള്‍ സന്ദര്‍ശിച്ച് മലപ്പുറം ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജി എം. ഷാബിര്‍ ഇബ്രാഹിം ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വനത്തിനുള്ളിലെ ആദിവാസികളുടെ ൈദന്യജീവിതം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.