ഭീതി ഒഴിയുന്നില്ല; സംസ്ഥാന പാതയിൽ വീണ്ടും കാട്ടാനക്കൂട്ടം
text_fieldsനിലമ്പൂർ: നിലമ്പൂരിനെ ഭീതിയിലാക്കി കാട്ടാനകൾ വീണ്ടും കെ.എൻ.ജി റോഡിലിറങ്ങി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് ആനക്കൂട്ടം കനോലി പ്ലോട്ടിന് സമീപം അന്തർ സംസ്ഥാന പാതയിലിറങ്ങിയത്. നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ കാട്ടാനക്കൂട്ടം ഏറെ പരിഭ്രാന്തി പരത്തി. ബൈക്ക് ഉൾപ്പെടെയുള്ള യാത്രാവാഹനങ്ങൾ ആനകളുടെ മുന്നിൽ അകപ്പെട്ടുവെങ്കിലും ആരെയും ആന ആക്രമിക്കാൻ തുനിഞ്ഞില്ല. കാട്ടാനകൾ റോഡിലൂടെ പരക്കം പായുന്ന ചിത്രങ്ങൾ യാത്രക്കാർ മൊബൈൽ ഫോൺ കാമറയിൽ പകർത്തിയിരുന്നു. വിഡിയോ ചിത്രങ്ങളിൽ ചില വാഹനങ്ങൾ കാട്ടാനകളുടെ മുന്നിൽ അകപ്പെടുന്നതും യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെടുന്നതും കാണാമായിരുന്നു. ഇടയിൽ ചില വാഹനയാത്രക്കാർ നിർത്താതെ ഹോൺ മുഴക്കിയത് ആനകളെ പ്രകോപിപ്പിച്ചത് ദൃശ‍്യങ്ങളിൽ കാണാം.
മൂന്ന് ആനകളാണ് റോഡിലിറങ്ങിയത്. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ വനം ദ്രുത പ്രതികരണ സേനയും നിലമ്പൂർ പൊലീസും രാത്രി ഡ‍്യൂട്ടിയിലുണ്ടായിരുന്ന വനപാലകരും ചേർന്ന് മണിക്കൂറുകൾ ശ്രമിച്ചതിന്‍റെ ഫലമായി അപകടങ്ങളൊന്നുമില്ലാതെ ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാനായി. രാത്രി 11ഓടെയാണ് വടപുറം-താളിപൊയിൽ ഭാഗത്തുകൂടി കാട്ടാനകളെ കാട്ടിലേക്ക് തിരിച്ചയച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി കാട്ടാന ശല്യം രൂക്ഷമായതോടെ നിലമ്പൂർ കോവിലകത്തുമുറിയിൽ ഉൾപ്പെടെ വനപാലകർ രാത്രിയിൽ പട്രോളിങ് നടത്തുന്നുണ്ട്. ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന കെ.എൻ.ജി റോഡിൽ രാത്രിയും പകലും കാട്ടാനകൾ ഇറങ്ങുന്നത് ഈ റോഡിലൂടെയുള്ള യാത്ര പേടിപ്പെടുത്തുന്നതായി മാറുകയാണ്. മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് വന്നതോടെ ചാലിയാർ പുഴയിൽ ജലവിതാനം ഉയർന്നതും ഭക്ഷണ സാധ്യതയുള്ളതുമാണ് ചാലിയാറിന്‍റെ തീരത്ത് കാട്ടാനകൾ തമ്പടിക്കാൻ കാരണം.
പന്തീരായിരം വനം മേഖലയിൽനിന്ന് കുറുവൻ പുഴ കടന്ന് മൂവായിരം വനമേഖലയിലേക്ക് കടന്ന കാട്ടാനകളാണ് ഇവിടെ ഭീതി പരത്തുന്നത്. 25ഓളം ആനകൾ പന്തീരായിരം മേഖലയിൽനിന്ന് മൂവായിരം വനമേഖലയിൽ എത്തിയിട്ടുണ്ടെന്നാണ് വന പാലകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.