കാട്ടാന ഭീഷണി: പുറം ലോകവുമായി ബന്ധമറ്റ് ആദിവാസി കുടുംബങ്ങൾ
text_fieldsനിലമ്പൂർ: കാട്ടാന ഭീഷണിമൂലം പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയാതെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിലായി. വഴിക്കടവ് റെയ്ഞ്ച് നെല്ലിക്കുത്ത് വനാന്തർ ഭാഗത്ത് അധിവസിക്കുന്ന പുഞ്ചക്കൊല്ലി, അളക്കൽ കോളനികളിലെ നൂറിലധികം കുടുംബങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. പുഞ്ചക്കൊലിയിൽ 66ഉം അളക്കൽ കോളനിയിൽ 36ഉം കുടുംബങ്ങളാണ് ഉള്ളത്. കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗക്കാരാണിവർ. ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള എളുപ്പ മാർഗം ആനമറി-പുഞ്ചക്കൊല്ലി വനപാതയാണ്. ഇവരുടെ റേഷൻകടയും ഇതുവഴിയുള്ള പൂവ്വത്തിപൊയിലിലാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആനമറി മുതൽ പുന്നപ്പുഴവരെ മൂന്ന് കിലോമീറ്റർ ദൂരം വനപാത കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഈ വഴി കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. രാപകൽ എന്നില്ലാതെ വനപാതക്കരികിൽ കാട്ടാനക്കൂട്ടം മേയുന്ന ഇടമാണിത്. ഇതുവഴിയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വീട്ടാവശ്യങ്ങൾക്കും മറ്റും മൂന്നര കിലോമീറ്റർ താണ്ടി ആനമറിയിൽ എത്താറ്. റോഡ് കോൺക്രീറ്റ് ചെയ്തതോടെ ഓട്ടോ ഉൾപ്പെടെ ടാക്സി വാഹനങ്ങൾ പുന്നപ്പുഴവരെ സർവിസ് നടത്തിയിരുന്നു. എന്നാൽ, വനപാതയുടെ ഇരുഭാഗത്തും പൊന്തക്കാടുകൾ വളർന്ന് കാടുമൂടി. റോഡരികിൽ നിൽക്കുന്ന കാട്ടാനകളെ അടുത്തെത്തിയാൽ മാത്രമെ കാണാനാകൂവെന്ന സ്ഥിതിയായി. ഇതോടെ കാട്ടാനപ്പേടി മൂലം ടാക്സി വാഹനങ്ങൾ ഓട്ടം നിർത്തി. വർഷത്തിൽ രണ്ട് തവണ വനസംരക്ഷണ സമിതികളുടെയോ തൊഴിലുറപ്പ് പദ്ധതിയിലൂടെയോ റോഡരികിലെ പൊന്തക്കാടുകൾ 25 മീറ്റർ വീതം വീതിയിൽ വെട്ടിമാറ്റാറുണ്ട്. എന്നാൽ, ഇത്തവണ ഒരു വർഷം കഴിഞ്ഞിട്ടും അടിക്കാടുകൾ വെട്ടാൻ വനം വകുപ്പ് തയാറായിട്ടില്ല. കോളനിക്ക് ചുറ്റുപാടുമുള്ള കുറച്ചു ഭാഗത്തെ കാടുകൾ ആദിവാസികൾ തന്നെ വെട്ടിമാറ്റിയിരുന്നു. ഇതുകൊണ്ടൊന്നും കാട്ടാന ഭീഷണി ഒഴിവാകുന്നതല്ല. ആനമറി മുതൽ പുന്നപ്പുഴ വരെയെങ്കിലും വനപാതയുടെ അരികിലെ അടിക്കാടുകൾ വെട്ടിമാറ്റണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. 12 ആദിവാസികൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനപാതയാണിത്.
ഫോറസ്റ്റ് ക്വാർട്ടേഴ്സിന് വിളിപ്പാടകലെ കാട്ടാന
നിലമ്പൂർ: ആനമറിയിലെ ഫോറസ്റ്റ് ക്വാർട്ടേഴ്സിന് വിളിപ്പാടകലെ നിരന്തരം കാട്ടാനക്കൂട്ടം ഇറങ്ങി കൃഷിനാശം തുടരുമ്പോഴും വനം വകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. തുടർച്ചയായി ആറാം നാളും ആനമറിയിൽ കാട്ടാന ഇറങ്ങി വ്യാപക നാശം വരുത്തി. ഞായറാഴ്ച പുലർച്ചെ ഇറങ്ങിയ കാട്ടാന കൃഷ്ണൻ കൊളവണ്ണ, വേലായുധൻ കൊളവണ്ണ എന്നിവരുടെ വാഴ, തെങ്ങ്, കമുക് എന്നിവ വ്യാപകമായി നശിപ്പിച്ചു. ഇവിടെ നിന്നും നോക്കിയാൽ കാണുന്ന ദൂരത്താണ് വനം ക്വാർട്ടേഴ്സ്.
നിരന്തരം കാട്ടാനകളിറങ്ങി കൃഷിനാശം വരുത്തിയിട്ടും വനം വകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ നെല്ലിക്കുത്ത് വനാതിർത്തിയിൽ അടുത്തിടെ തൂക്ക് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ 200 ഓളം മീറ്റർ ദൂരത്ത് ഫെൻസിങ് ഇല്ല. മറ്റിടങ്ങളിൽ ഫെൻസിങ് സ്ഥാപിച്ചതോടെ ഇതുവഴിയാണ് നിരന്തരമായി കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നത്. ശേഷിച്ച ഭാഗത്ത് ഫെൻസിങ് സ്ഥാപിക്കണമെന്ന് റെയ്ഞ്ച് ഓഫിസറോട് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.