കാട്ടാന പ്രതിരോധം; 1.85 കോടിയുടെ തൂക്കുവേലി വരുന്നു
text_fieldsനിലമ്പൂർ: വന്യജീവി ശല്യം തടയാൻ വനം വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം. നിലമ്പൂർ സൗത്ത് ഡിവിഷന് കീഴിൽ കാട്ടാന ശല്യം തടയാൻ തൂക്കുവേലി സ്ഥാപിക്കുന്നതിനാണ് ആദ്യഘട്ടത്തിൽ ഫണ്ട് അനുവദിച്ചത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 185.25 കോടി രൂപയാണ് അനുവദിച്ചു കിട്ടിയത്.
2.32 കോടിയുടെ പ്രൊപ്പോസലാണ് സമർപ്പിച്ചിരുന്നത്. ബാക്കി തുക കൂടി ഉടൻ അനുവദിച്ച് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് സൗത്ത് ഡി.എഫ്.ഒയും കരിമ്പുഴ വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ കൂടിയായ ധനിക് ലാൽ പറഞ്ഞു. കരുളായി റേഞ്ചിലെ ബാലംകുളം മുതൽ ഒടുക്കുംപൊട്ടി വരെ 5.75 കി.മീറ്റർ (45.92 ലക്ഷം), പാലാങ്കര-മൈലംപാറ 5.50 കി.മീറ്റർ (43 ലക്ഷം), പൂളക്കപ്പാറ-തിക്കട്ടി നഗർ നാല് കി.മീറ്റർ (32.19 ലക്ഷം), ഉച്ചക്കുളം നഗർ രണ്ട് കി.മീറ്റർ (16.10 ലക്ഷം), കാളികാവ് റേഞ്ചിൽ മൈലംപാറ-മാനുപ്പൊട്ടി മൂന്ന് കി.മീറ്റർ (24.04 ലക്ഷം), പാട്ടകരിമ്പ് നഗർ രണ്ട് കി.മീറ്റർ (16.10 ലക്ഷം), ചിങ്കക്കല്ല് നഗർ ഒരു കി.മീറ്റർ (8.01 ലക്ഷം) എന്നിവിടങ്ങളിലാണ് തൂക്കുവേലിക്ക് അനുമതിയുള്ളത്. ഏറ്റവുമധികം കാട്ടാനശല്യം അനുഭവപ്പെടുന്ന മേഖലകളാണിത്. ടെൻഡർ നടപടി പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി നടത്തുമെന്ന് ഡി.എഫ്.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.