ജനവാസ കേന്ദ്രത്തിലെ കാട്ടാനക്കൂട്ടത്തെ നാളെ പുലർച്ച ‘നാടുകടത്തും’
text_fieldsനിലമ്പൂർ: ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ച് നിരന്തരം കൃഷിനാശം വരുത്തുന്ന കാട്ടാനക്കൂട്ടത്തെ ‘നാടുകടത്താൻ’ സർവ സന്നാഹം ഒരുക്കുകയാണ് വനംവകുപ്പ്. കുട്ടിക്കൊമ്പൻ ഉൾപ്പെട്ട നാലംഗ കരിവീര സംഘത്തെ പൊലീസ്, എമർജൻസി റെസ്ക്യൂ ഫോഴ്സ്, റിസർവ് പൊലീസ്, ദ്രുത പ്രതികരണ സേന എന്നിവയുടെ സഹായത്തോടെ ഞായറാഴ്ച പുലർച്ച ഉൾക്കാട്ടിലേക്ക് കയറ്റാനാണ് തീരുമാനം. പന്തിരായിരം ഉൾവനത്തിൽനിന്നെത്തിയ കൊമ്പന്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞിരപ്പുഴ, അകമ്പാടം ഫോറസ് സ്റ്റേഷൻ പരിധികളിലെ പൊക്കോട് വൈലാശ്ശേരി, മുണ്ടപ്പാടം ചാലിയാർ മുക്ക് എന്നിവിടങ്ങളിലാണ് തമ്പടിച്ചിട്ടുള്ളത്.
ആനക്കൂട്ടത്തെ വിരട്ടി കാടുകയറ്റുമ്പോൾ പരിചയമില്ലാത്ത ഇടമായതിനാൽ ആനകൾ ഏതുവഴി ഓടിവരുമെന്നത് വ്യക്തതയില്ല. അതുകൊണ്ട് നാട്ടുകാർ വളരെ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നമ്പൂരിപ്പൊട്ടി -മതിൽമൂല വഴി പന്തിരായിരം വനമേഖലയിൽ കയറ്റാമെന്നാണ് വനംവകുപ്പ് കരുതുന്നത്. ഇവിടെ ഒരു കിലോമീറ്റർ ദൂരപരിധിയിലാണ് വനമുള്ളത്.
എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലായിരുന്നു ആനക്കൂട്ടം. ആയിരവല്ലിക്കാവ്, ബംഗ്ലാവ്കുന്ന്, മൈലാടി വഴി പനയംകോട്, വള്ളുവശ്ശേരി കഴിഞ്ഞാണ് വൈലാശ്ശേരി ഭാഗത്തേക്ക് എത്തിയത്. അകമ്പാടം, കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധികളിലാണ് ഒരേസമയം കാട്ടാനക്കൂട്ടം ഭീതി പരത്തുന്നത്. ഈ ഭാഗങ്ങളിൽ ഒരേ സമയം സേന കാട്ടാനക്കൂട്ടത്തെ തിരഞ്ഞിറങ്ങും. ചന്തക്കുന്ന് -അകമ്പാടം റോഡിൽ ഈ സമയങ്ങളിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തും.
നിർദേശങ്ങൾ
- പുഴയിൽ കുളിക്കുന്നതും അലക്കുന്നതും മറ്റും ഒഴിവാക്കുക.
- വളർത്തുമൃഗങ്ങളെ മേച്ചിൽസ്ഥലങ്ങളിൽ കെട്ടിയിടാതിരിക്കുക.
- റബർ ടാപ്പിങ്, മറ്റു ജോലികൾക്ക് പോകുന്നവർ, ബൈക്ക് യാത്രികർ എന്നിവർ ജാഗ്രത പാലിക്കണം.
- ജനം പുറത്തിറങ്ങുമ്പോൾ അതി ജാഗ്രത പാലിക്കേണ്ടതാണ്.
- ഞായറാഴ്ച വനവിഭവങ്ങളും വിറകും ശേഖരിക്കുന്നവർ കാട്ടിൽ പോകരുത്.
- യാദൃച്ഛികമായി ആനയെ കണ്ടാൽ ഒരു പ്രകോപനവും ഉണ്ടാക്കാൻ പാടുള്ളതല്ല.
- മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്ക് അവധി നൽകേണ്ടത് പരിഗണിക്കേണ്ടതാണ്.
- പുലർച്ച ആരാധനാലയങ്ങളിൽ പോകുന്നവർ ശ്രദ്ധിക്കേണ്ടതാണ്.
ആനക്കൂട്ടത്തെ വിരട്ടിയോടിക്കാൻ ആലോചിക്കുന്ന വഴി
പോക്കോട്- വൈലാശ്ശേരി- കാനക്കുത്ത് - ചാലിയാർ മുക്ക് -മൈലാടി- കനോലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.