കാട്ടുതീ പ്രതിരോധം: വനസംരക്ഷണ സമിതികൾക്ക് കൂടുതൽ അധികാരം
text_fieldsനിലമ്പൂർ: ജില്ലയിലെ കാട്ടുതീ പ്രതിരോധ പ്രവർത്തനത്തിന് വനം വകുപ്പിെൻറ ബൃഹദ് കർമ പദ്ധതിക്ക് സർക്കാർ അംഗീകാരം. വനസംരംക്ഷണ സമിതികൾക്ക് കൂടുതൽ ചുമതല കൈമാറി. നിലമ്പൂർ നോർത്ത് ഡിവിഷനിലെ 6000 ഹെക്ടറും കരുളായി, കാളിക്കാവ് റേഞ്ചുകൾ ഉൾപ്പെട്ട നിലമ്പൂർ സൗത്ത് ഡിവിഷനിലെ 2200 ഹെക്ടർ വനഭൂമിയും സംരക്ഷിക്കേണ്ട ചുമതല വനസംരക്ഷണ സമിതികൾക്കാണ്. കാട്ടുതീ പടരാതെ സംരക്ഷിച്ചാൽ ഹെക്ടറിന് 300 രൂപ വീതം പാരിതോഷികമായി നൽകും. കാട്ടുതീ പടർന്നാൽ ഹെക്ടറിന് 600 രൂപ പ്രകാരം തിരിച്ചുപിടിക്കും. നോർത്ത് ഡിവിഷനിൽ 23 വനസംരക്ഷണ സമിതികളാണുള്ളത്.
ഇത്തവണ മറ്റു വകുപ്പുകളുടെ സഹായംകൂടി വനംവകുപ്പ് തേടും. പൊലീസ്, റവന്യൂ, ആരോഗ്യം, ഫയർഫോഴ്സ് എന്നിവരുടെ സഹകരണത്തോടെ റേഞ്ച് തലങ്ങളിൽ കാട്ടുതീ ബോധവത്കരണവും പരിശീലനവും നൽകും. ജീവനക്കാർക്ക് അഞ്ച് ലക്ഷത്തിെൻറ ഫയർ ഉപകരണങ്ങൾ വാങ്ങി നൽകും. ഫോറസ്റ്റ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ഉപകരണങ്ങൾ അടുത്ത ദിവസങ്ങളിലായി വിതരണം ചെയ്യും. ഹെവി, മീഡിയം, ലൈറ്റ് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് ആക്ഷൻ പ്ലാൻ. പടർന്നുപിടിക്കാൻ സാധ്യതയേറിയ പ്രദേശങ്ങളിൽ കൂടുതൽ താൽക്കാലിക ഫയർ വാച്ചർമാരെ നിയമിക്കും. ജനുവരി 15 മുതൽ മാർച്ച് 15 വരെയുള്ള കാലയളവിൽ ഫയർവാച്ചർമാരെ നിയമിക്കാൻ എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സ്ഥിരമായി കാട്ടുതീ ഉണ്ടാവുന്ന സ്ഥലത്തെ പുല്ലുകളും വനപാതക്കരികിലെ പൊന്തക്കാടുകളും വെട്ടിമാറ്റും.
ഫയർലൈനിനു പകരം ഫയർ ബ്രേക്ക് സ്ഥാപിക്കും. കാട്ടുതീ ശക്തമെന്ന് കണ്ടാൽ ജില്ലക്ക് പുറത്തുനിന്നുള്ള സഹായവും ലഭിക്കും. ഉൾകാട്ടിൽ കാട്ടുതീ പടരുന്നത് പെട്ടന്ന് തിരിച്ചറിയാൻ ഉപഗ്രഹ നിയന്ത്രിത സംവിധാനവും കൂടുതൽ പ്രയോജനപ്പെടുത്തുമെന്ന് ഡി.എഫ്.ഒമാരായ മാർട്ടിൻ ലോവൽ, പി. പ്രവീൺ എന്നിവർ പറഞ്ഞു. ഡി.എഫ്.ഒമാരുടെ ഒഫിഷ്യൽ മൊബൈൽ ഫോൺ നമ്പറുകൾ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ വെബ്സൈറ്റുമായി ബന്ധപ്പെടുത്തും. രാജ്യത്ത് എവിടെ കാട്ടുതീ ഉണ്ടായാലും ചിത്രങ്ങളും സ്ഥലവും ഉൾപ്പടെ ഫോണിൽ തെളിയും. മുഖ്യവനപാലകെൻറ തിരുവനന്തപുരത്തെ ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും വിവരങ്ങൾ കൈമാറി കിട്ടുന്ന രീതിയിലാണ് സംവിധാനം. നോർത്ത് ഡിവിഷന് 62 ലക്ഷം രൂപയാണ് കാട്ടുതീ പ്രതിരോധത്തിന് ഇത്തവണ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.