വന്യജീവി ആക്രമണം; നഷ്ടപരിഹാരം നൽകാൻ മലപ്പുറത്തിന് ഒരുകോടി അനുവദിച്ചു
text_fieldsനിലമ്പൂർ: വന്യജീവികൾ കാരണം നാശനഷ്ടം സംഭവിച്ചവർക്ക് വിതരണം ചെയ്യുന്നതിന് നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകൾക്ക് ഒരു കോടിയോളം രൂപ നൽകി. എടവണ്ണ, നിലമ്പൂർ, വഴിക്കടവ് റേഞ്ചുകളുള്ള നോർത്ത് ഡിവിഷന് 54.5 ലക്ഷവും കരുളായി, കാളികാവ് റേഞ്ചുകളുള്ള സൗത്ത് ഡിവിഷന് 41.98 ലക്ഷവുമാണ് അനുവദിച്ചത്. സൗത്ത് ഡിവിഷനിൽ 2019 മുതലുള്ള അപേക്ഷകളും നോർത്ത് ഡിവിഷനിൽ 2021 മുതലുള്ള അപേക്ഷകളും കെട്ടിക്കിടപ്പുണ്ട്. കിട്ടിയ തുകകൊണ്ട് സൗത്തിൽ 132 അപേക്ഷകൾ അതിവേഗം തീർപ്പാക്കി. അപേക്ഷകളിൽമേൽ മതിയായ രേഖകളില്ലാത്തതും 2024ൽ ലഭിച്ചതും ഉൾെപ്പടെ 46 ഫയലുകൾ തീർപ്പാക്കാനുണ്ട്. 5.95 ലക്ഷം രൂപ വിതരണം ചെയ്യാനായി നീക്കിയിരിപ്പുണ്ട്.
നോർത്ത് ഡിവിഷനിൽ 187 അപേക്ഷകൾ തീർപ്പാക്കി. 55ഓളം അപേക്ഷകൾ തീർപ്പാക്കാനുണ്ട്. നോർത്തിൽ 2.6 ലക്ഷം രൂപ നീക്കിയിരിപ്പുണ്ട്. വന്യജീവി ആക്രമണത്തിൽ മരണം സംഭവിച്ച അപേക്ഷകളിൽ രണ്ടാം ഗഡു ലഭിക്കേണ്ടവരുമുണ്ട്. അനന്തരവകാശ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തതുകൊണ്ട് സഹായധനം നൽകാൻ കഴിയാതെ വരുന്നുണ്ട്. മരണം റിപ്പോർട്ട് ചെയ്ത കേസുകളിൽ അടിയന്തരസഹായം ലഭിക്കുന്നതിന് അനന്തരവകാശ സർട്ടിഫിക്കറ്റ് നിർബന്ധമില്ല. എന്നാൽ, സർക്കാർ പ്രഖ്യാപിച്ച സഹായധനം മുഴുവനായും ആശ്രിതർക്ക് ലഭിക്കണമെങ്കിൽ അനന്തരവകാശ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
2024ൽ ലഭിച്ചത് ഒഴികെയുള്ള അപേക്ഷകൾ തീർപ്പാക്കാൻ ലഭിച്ച ഫണ്ട് കൊണ്ട് സാധ്യമാകുമെന്ന് കരുതുന്നതായി നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാരായ ടി. അശ്വിൻ കുമാർ, ജി. ദനിക് ലാൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.