വന്യജീവി ശല്യം: വനാതിർത്തികളിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കൽ തുടങ്ങി
text_fieldsനിലമ്പൂർ: ജനവാസകേന്ദ്രത്തിലും കൃഷിയിടത്തിലും കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം തടയുന്നതിന് നിലമ്പൂർ നോർത്ത് ഡിവിഷൻ വനാതിർത്തികളിൽ ഹാങ്ങിങ് ഫെൻസിങ് (സോളാർ തൂക്കുവേലി) നിർമാണം തുടങ്ങി. വഴിക്കടവ്, നിലമ്പൂർ, എടവണ്ണ റേഞ്ച് പരിധികളിൽ 15 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നത്. വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനാതിർത്തിയിൽ രാണ്ടാംപാടം വനം ഔട്ട് പോസ്റ്റ് മുതൽ ആനമറി വനം സ്റ്റേഷൻവരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിലുള്ള പ്രവൃത്തി തുടങ്ങി. 20 ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചത്.
നിലമ്പൂർ റേഞ്ചിന് കീഴിൽ ഇരുൾക്കുന്ന് മുതൽ മരക്കയം വരെ രണ്ട് കിലോമീറ്റർ, വടപുറം പാലം മുതൽ മൈലാടി പാലം വരെ ഏഴു കിലോമീറ്റർ, എടവണ്ണ റേഞ്ച് അകമ്പാടം സ്റ്റേഷൻ പരിധിയിൽ എളഞ്ചീരിയിൽ മൂന്ന് കിലോമീറ്റർ എന്നിവിടങ്ങളിലെ പ്രവൃത്തി അടുത്ത ആഴ്ച തുടങ്ങും. നാലു മീറ്റർ ഉയരത്തിലാണ് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുക.
20 മീറ്റർ ദൂരത്തിൽ തൂണുകൾ സ്ഥാപിക്കും. 75 സെ.മീറ്റർ താഴ്ചയിലും 30 സെ.മീറ്റർ വ്യാസത്തിലും കുഴികൾ നിർമിച്ച് ഇതിൽ തൂണുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കും. ഓരോ കിലോമീറ്റർ ദൂരത്തിലും നൂറ് എ.എച്ച് ബാറ്ററികൾ സ്ഥാപിക്കും. കാട്ടാനകൾ തൂണുകളിൽ ചവിട്ടി നാശം വരുത്താതിരിക്കാൻ തൂണുകൾക്ക് മുകളിലായി കമ്പികൾ ഉപയോഗിച്ച് കൂർത്ത അമ്പുകൾ സ്ഥാപിക്കും. തൂണുകളുടെ അടുത്തേക്ക് ആനകൾ എത്തിപ്പെടാതിരിക്കാനാണ് ഇത്തരം സംവിധാനം ഒരുക്കുന്നത്. ഹാങ്ങിങ് ഫെൻസിങ് കാട്ടാന ഉൾപ്പടെയുള്ള വന്യജീവികളെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന് വനം വകുപ്പ് പറയുന്നു. നിലമ്പൂർ നോർത്ത് ഡിവിഷനിൽ ആദ്യമായാണ് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നത്. നിലമ്പൂർ സൗത്ത് ഡിവിഷനിൽ കരുളായി റേഞ്ചിൽ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.