ആഗോള പഠനശൃംഖലയില് ഇടം നേടി: നിലമ്പൂരിന് ചരിത്രനേട്ടം
text_fieldsനിലമ്പൂര്‍: യുനെസ്കോയുടെ ഗ്ലോബല്‍ ലേണിങ് സിറ്റിയില്‍ (ആഗോള പഠന ശൃംഖല) ഇടം നേടി നിലമ്പൂർ. ഇന്ത്യയില്‍നിന്ന് മൂന്നു നഗരങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍നിന്ന് നിലമ്പൂരും തൃശൂരും തെലങ്കാനയില്‍നിന്ന് വാറംഗലുമാണ് ഇടംപിടിച്ചത്. ആദ്യമായാണ് ഇന്ത്യയില്‍നിന്നുള്ള നഗരങ്ങള്‍ പട്ടികയില്‍ ഇടം തേടുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ശിപാര്‍ശയിലാണ് ഇവ യുനെസ്കോയുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ബെയ്ജിങ് (ചൈന), ആതന്‍സ് (ഗ്രീസ്), ഡബ്ലിന്‍ (അയര്‍ലന്‍ഡ്), ഗ്ലാസ്ഗോ (യു.കെ), ഹാംബര്‍ (ജര്‍മനി), മക്കയാമ (ജപ്പാന്), മെല്‍റ്റണ്‍ (ആസ്ട്രേലിയ), സാവോപോളോ (ബ്രസീല്‍), ഇൻജിയോണ്‍ (സൗത്ത് കൊറിയ), സുബായ (ഇന്തോനേഷ്യ) മുതലായ നഗരങ്ങളുള്‍പ്പെടുന്ന ആഗോള ലേണിങ് പട്ടികയിലാണ് കൊച്ചു കേരളത്തിലെ ഈ രണ്ടു നഗരങ്ങളും തലയുയര്‍ത്തി നില്ക്കുക.
നഗരസഭയും പി.വി. അബ്ദുല്‍ വഹാബ് എം.പി രക്ഷാധികാരിയായ ജന്‍ശിക്ഷണ്‍ സന്‍സ്ഥാനും സഹകരിച്ചായിരിക്കും നിലമ്പൂരില്‍ പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പാക്കുന്നതോടെ നിലമ്പൂരിെൻറ സമഗ്ര വികസനത്തിന് വഴിതെളിയും.2030നകം വിദ്യാഭ്യാസം, ശാരീരിക -മാനസിക ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ലിംഗസമത്വം, അടിസ്ഥാന സൗകര്യ വികസനം, മാലിന്യസംസ്കരണം, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങി വ്യക്തിത്വ വികസനം വരെയുള്ള 17 മേഖലകളില്‍ സുസ്ഥിര വികസനമാണ് ആഗോള പഠന ശൃംഖലയില്‍ ഉള്‍പ്പെടുന്നത്. ചൈനയിലെ ബെയ്ജിങ്, ഗ്രീസിലെ ആതന്‍സ് തുടങ്ങി ലോകത്തിലെ മികച്ച നഗരങ്ങളുടെ അതേ മാതൃകയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ യുനെസ്കോയുടെ സാങ്കേതിക സഹായം ലഭിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നല്കുന്ന ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ യുനെസ്കോയുടെ മാർഗനിർദേശമുണ്ടാകും. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ഒട്ടേറെ പദ്ധതികള്‍ നിലമ്പൂരിലെത്താന്‍ വഴിയൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.