നാടുകാണി ചുരത്തിൽ കാണാതായ യുവാവിനെ പാറയിടുക്കിൽ കണ്ടെത്തി
text_fieldsനിലമ്പൂർ: നാടുകാണി ചുരത്തിൽ കല്ലളചോലക്ക് സമീപം വനത്തിൽ കാണാതായ യുവാവിനെ മണിക്കൂറുകളുടെ തിരച്ചിലിനൊടുവിൽ കണ്ടെത്തി.
പൂക്കോട്ടുംപാടം ടി.കെ കോളനിയിലെ തോട്ടത്തിൽ ഷെരീഫിനെയാണ് (32) വ്യാഴാഴ്ച പുലർച്ച ഒരു മണിയോടെ കല്ലളയിൽ പാറയിടുക്കിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 7.30ഓടെയാണ് ഇയാളെ കാണാതായത്. അമ്പലവയലിലെ സുഹൃത്തിന്റെ വീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കളായ മൂന്നുപേർക്ക് ഒപ്പം കാറിൽ മടങ്ങുന്നതിനിടെ പ്രാഥമിക കാര്യം നിർവഹിക്കാനെന്നു പറഞ്ഞ് കാർ നിർത്തിച്ച് ചുരത്തിലെ വനത്തിൽ കയറിയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ നൽകിയ വിവരത്തെ തുടർന്ന് വഴിക്കടവ് പൊലീസും വനംവകുപ്പും ഫയർഫോഴ്സും സിവിൽ ഡിഫൻസും ട്രോമകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് സംഘങ്ങളായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.
കല്ലള ഭാഗത്ത് മദ്യക്കുപ്പി ശ്രദ്ധയിൽപ്പെട്ടതോടെ ഈ ഭാഗം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സംഘത്തിലെ ഫോറസ്റ്റ് ഗാർഡ് വി. സലീഷ് കുമാർ, വനം വാച്ചർ റഷീദ് എന്നിവരാണ് കല്ലളപാറയുടെ ഇടയിൽ കിടക്കുകയായിരുന്ന യുവാവിനെ കണ്ടെത്തിയത്. പിന്നീട് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെ ഇയാളെ പാറക്കിടയിൽ നിന്ന് പുറത്തിറക്കി.
രക്ഷാപ്രവർത്തനം നടത്തുമ്പോഴും യുവാവ് അളയിൽ കിടക്കുകയായിരുന്നുവെന്നും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഇയാളെ വഴിക്കടവിലെ ക്ലിനിക്കിലെത്തിച്ച് പരിശോധന നടത്തിയ ശേഷം ആരോഗ്യവാനാണെന്ന് കണ്ടതോടെ വനംവകുപ്പിന് കൈമാറി. വനത്തിൽ അതിക്രമിച്ചു കടന്നതിന് ഇയാൾക്കെതിരെ വനംവകുപ്പ് കേസെടുത്ത ശേഷം വ്യാഴാഴ്ച ഉച്ചയോടെ ജാമ്യത്തിൽ വിട്ടയച്ചു.
വനത്തിൽ അതിക്രമിച്ചു കടക്കുന്നവർക്കെതിരെ കർശന നിയമനടപടി
നിലമ്പൂർ: അനുമതിയില്ലാതെ വനത്തിൽ അതിക്രമിച്ചുകടക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ്. ചുരം വനമേഖലയിൽ അനാവശ്യമായി ആളുകൾ വനത്തിൽ പ്രവേശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കടുവ, ആന ഉൾപ്പെടെ വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ചുരം മേഖല.
വനത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് കടുത്ത അപകടമാണ്. യാത്രക്കാർ ഉൾപ്പെടെ ഇത് തിരിച്ചറിയണം. അനുമതിയില്ലാതെ വനത്തിനകത്ത് കയറിയാൽ അവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് വഴിക്കടവ് റേഞ്ച് ഓഫിസർ ബോബി കുമാർ പറഞ്ഞു. കാട്ടുതീ തീവ്രമേഖല പ്രദേശമാണ് നാടുകാണി ചുരം മേഖല. ഇവിടം വനംവകുപ്പ് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.