നിപ: മലപ്പുറത്തും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്
text_fieldsമലപ്പുറം: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്ക സാധ്യതയുള്ള അയൽ ജില്ലയായ മലപ്പുറത്തും ആളുകൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ആശുപത്രികളിൽ പനിയുമായി എത്തുന്നവരിൽ നിപ അടക്കമുള്ള പകർച്ചവ്യാധി ലക്ഷണങ്ങളുണ്ടെങ്കിൽ നിരീക്ഷിക്കണം. ഇതിനു പുറമേ നിപ ബാധിച്ച് മരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ ജില്ലയിലുണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട്ട് മരിച്ചവരുമായി നിലവിൽ ജില്ലയിലെ ആർക്കും സമ്പർക്കമുള്ളതായി ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചിട്ടില്ല.
മരണനിരക്ക് കൂടുതലാണങ്കിലും രോഗിയുമായി അടുത്ത സമ്പർക്കമുണ്ടായാലാണ് പകരാൻ സാധ്യത. പെട്ടെന്നുള്ള മരണത്തിന് കാരണമാകാമെങ്കിലും കോവിഡ് വ്യാപനം പോലെ ഉണ്ടാകാറില്ല. അതിനാൽ ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്‌ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കണം.
മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന ആര്‍.എൻ.എ വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.