പ്രതിരോധ നടപടികൾ ദ്രുതഗതിയിൽ മുന്നോട്ട്
text_fieldsമലപ്പുറം: ജില്ലയിൽ നിപ പ്രതിരോധപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടുപോകുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിപ സമ്പർക്ക പട്ടികയിൽ ജില്ലയിൽ ഉൾപ്പെട്ട 23 പേരിൽ ആറുപേരുടെ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ള 17 പേരുടെ സാമ്പിളുകൾ ശനിയാഴ്ച ശേഖരിച്ച് ലാബിലേക്ക് അയച്ചു.
സമ്പർക്ക പട്ടികയിൽ കൊണ്ടോട്ടി ആരോഗ്യ ബ്ലോക്കിലും ഒമാനൂർ ആരോഗ്യ ബ്ലോക്കിലും എട്ട് പേർ വീതവും നെടുവ ആരോഗ്യ ബ്ലോക്കിൽ നാലും തവനൂർ ആരോഗ്യ ബ്ലോക്കിൽ രണ്ടും മങ്കട ആരോഗ്യ ബ്ലോക്കിൽ ഒരാളുമാണുള്ളത്. കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച് മരണപ്പെട്ട ആളുമായും കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനുമായും സമ്പർക്കത്തിൽ വന്നവരാണ് മലപ്പുറം ജില്ലയിലെ പട്ടികയിലുള്ളത്.
സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആർക്കുംതന്നെ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വീട്ടിൽ സ്വയംനിരീക്ഷണത്തിൽ ഇരിക്കാനായി ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അവർക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുന്നതിനും ജില്ല നിപ കൺട്രോൾ സെല്ലിൽ 0483 273 4066 അറിയിക്കാനും നിർദേശം നൽകി.
നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് കൗൺസലിങ് സഹായത്തിനായി 7593843625 നമ്പറിൽ ബന്ധപ്പെടാം. ആഗസ്റ്റ് 29ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ എം.ഐ.സി.യു വിഭാഗത്തിലും കാഷ്വൽറ്റി വിഭാഗത്തിലും സന്ദർശിച്ചവരും ചികിത്സ തേടിയവരും നിപ കൺട്രോൾ സെല്ലുമായി ബന്ധപ്പെടാനും ആരോഗ്യനില നിരീക്ഷിക്കാനും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.