നിറമരുതൂർ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരെ ആരോപണവുമായി കരാറുകാരൻ
text_fieldsതിരൂർ: നിറമരുതൂർ സർവിസ് സഹകരണ ബാങ്കിൽ ഇന്റീരിയർ പ്രവൃത്തികളുടെ ഫണ്ട് പാസാവാൻ ബാങ്ക് സെക്രട്ടറി അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെെട്ടന്ന ആരോപണവുമായി കരാറുകാരും ആലുവ സ്വദേശികളുമായ മേരി ഹെലനും ജോസ് പീറ്ററും രംഗത്ത്. ഇന്റീരിയർ പ്രവൃത്തിയുടെ ആകെ തുകയായ 31,54,000 രൂപയിൽ അഡ്വാൻസ് തുക കിഴിച്ച് 11, 54,000 രൂപ കിട്ടാനുണ്ടെന്നും ഈ തുക ലഭിക്കാനായി ബാങ്ക് സെക്രട്ടറിയും ജീവനക്കാരനും അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെെട്ടന്നും കൂടാതെ ചെയ്യാത്ത ബിൽഡിങ്ങിന്റെ പ്രവൃത്തിക്കായി ബിൽ സെക്രട്ടറി ആവശ്യപ്പെെട്ടന്നുമാണ് കരാറുകാർ ആരോപിക്കുന്നത്.
ഇത് കൊടുക്കാത്തതിന്റെ പ്രതികാരമായാണ് തങ്ങൾക്ക് ലഭിക്കേണ്ട തുക ലഭിക്കാതിരിക്കാൻ കാരണമെന്നും 11 മാസമായിട്ടും ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതായും മേരി ഹെലനും ജോസ് പീറ്ററും വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ആരോപണം അടിസ്ഥാനരഹിതം -ബാങ്ക് ഭരണസമിതി നിയമനടപടി സ്വീകരിക്കും
തിരൂർ: നിറമരുതൂർ സർവിസ് സഹകരണ ബാങ്കിനെതിരെ ബാങ്ക് കെട്ടിടത്തിന്റെ ഇന്റീരിയർ കരാറുകാരിയും ഭർത്താവും ഉന്നയിച്ച ആക്ഷേപങ്ങൾ അടിസ്ഥാനരഹിതവും ബാങ്കിനെ പൊതുജനമധ്യത്തിൽ കരിവാരി തേക്കാനുമാണെന്ന് ബാങ്ക് ഭരണസമിതി പറഞ്ഞു.
ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഇന്റീരിയർ പ്രവൃത്തി ഏറ്റെടുത്ത വുഡ് ആർക്ക് ഇന്റീരിയർ ആൻഡ് എക്സ്റ്റീരിയൽസ് സ്ഥാപനം കരാർ തുകെയക്കാൾ വൻ തുകയാണ് ബിൽ നൽകിയത്. ഫൈനൽ ബില്ലായി 31,54,000 രൂപയുടെ ബില്ലാണ് നൽകിയത്. എന്നാൽ, പ്രവൃത്തിയിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് ഇവ പരിശോധിച്ച വിദഗ്ധ സമിതിക്ക് പ്രവൃത്തിയിൽ വലിയ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു.
പ്രവൃത്തിയിൽ പാർട്ട് ബിൽ ആയി ഘട്ടംഘട്ടമായി 20 ലക്ഷം രൂപ അഡ്വാൻസായി നൽകുകയും ചെയ്തു. ബാക്കി തുക നൽകണമെന്നാവശ്യപ്പെട്ട് കരാറുകാരൻ മലപ്പുറം ജോ. രജിസ്ട്രാർക്ക് പരാതി നൽകി. പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ പ്രവൃത്തി പരിശോധിക്കുകയും ബാങ്ക് ഉന്നയിച്ച വിഷയത്തിൽ ക്രമക്കേട് കണ്ടെത്തുകയും പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാനും ബാക്കി തുകക്ക് ആർബിട്രേഷനെ സമീപിക്കാനും ഉത്തരവിട്ടു.
എന്നാൽ, ബാക്കി പ്രവൃത്തി പൂർത്തീകരിക്കാൻ കരാറുകാർ തയാറായില്ല. ഇതേതുടർന്ന് കരാർ റദ്ദാക്കി ബാങ്ക് നേരിട്ടാണ് ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കിയത്.
ആർബിട്രേഷനെ സമീപിക്കാൻ തയാറാകാതെ ബാങ്കിനെതിരെ ആക്ഷേപം ഉന്നയിക്കുകയാണ് കരാറുകാരൻ ചെയ്യുന്നതെന്നും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് പ്രസിഡന്റ് കെ.പി. ഇബ്രാഹിം, വൈസ് പ്രസിഡന്റ് എ.പി. മാധവൻ, കെ.ടി. ശശി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.