ഓർമകളെ തൊട്ടുണർത്തി ‘നിർമാല്യം പി.ഒ’
text_fieldsചങ്ങരംകുളം: 1973ൽ ‘നിർമാല്യ’ത്തിന്റെ ഷൂട്ടിങ് കാലത്തെ ഓർമകളെയും കഥാപാത്രങ്ങളെയും കൂട്ടിച്ചേർത്ത് സംവിധായകൻ മുഹമ്മദ്കുട്ടി പുറത്തിറക്കിയ ഡോക്യുമെന്ററി പഴയകാല ഓർമകളെ തൊട്ടുണർത്തുന്നതായിരുന്നു. ‘നിർമാല്യം’ ഷൂട്ടിങ് കാലത്ത് മൂക്കുതല ഹൈസ്കൂട്ടിലെ പത്താം തരം വിദ്യാർഥിയായിരുന്ന മുഹമ്മദ്കുട്ടി മൂക്കുതല ക്ഷേത്രവും പരി
സരവും സമീപത്തെ പോസ്റ്റാഫിസും എം.ടിയുടെ അഭിമുഖവുമായാണ് കഴിഞ്ഞ മാസം ‘നിർമാല്യം പി.ഒ’ പുറത്തിറക്കിയത്. ഇത് എം.ടി അഭിമുഖം നൽകിയ അവസാന ഡോക്യുമെന്ററി കൂടിയായിരുന്നു. കാണി ഫിലിം സെസൈറ്റിയുമായി ചേർന്ന് നിർമ്മാല്യത്തിന്റെ സുവർണ ജൂബിലി ആഘോഷവേളയിലാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്.
എം.ടിയുൾപ്പടെ ഈ സിനിമയിൽ ഭാഗമായ പല കഥപാത്രങ്ങളെയും പ്രദർശന ചടങ്ങിൽ ആദരിക്കുകയും ചെയ്തു. ‘നിർമാല്യം’ മികച്ച ചിത്രമായി ദേശീയ അവാർഡ് നേടിയപ്പോഴും അതിലെ അഭിനയത്തിന് പി.ജെ. ആന്റണിക്ക് ഭരത് അവാർഡ് ലഭിച്ചപ്പോഴുമെല്ലാം മൂക്കുതല ഗ്രാമവും നിരന്തരം ഓർമിക്കപ്പെട്ടു. കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുപതു വർഷങ്ങൾക്കു മുമ്പ് മൂക്കുതലയിൽ നിർമാല്യത്തിന്റെ പ്രദർശനം വീണ്ടും സംഘടിപ്പിച്ചപ്പോൾ ചെറുറോളുകളിൽ അഭിനയിച്ചവരടക്കം മൂക്കുതല നിവാസികളായ വലിയൊരു ജനാവലി കാണാനെത്തി.
പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ സെമിനാർ വെളിച്ചപ്പാടിന്റെ രേഖാചിത്രം വരച്ച് ആർട്ടിസ്റ്റ് നമ്പൂതിരിയാണ് ഉദ്ഘാടനം ചെയ്തത്. സെമിനാറിലെ ലേഖനങ്ങളും മറ്റു പഠനങ്ങളും സമാഹരിച്ച് ഡോ. വി. മോഹനകൃഷ്ണൻ ‘നിർമാല്യം-വെളിച്ചപ്പെട്ട കാലം’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ‘നിർമാല്യം’ സിനിമയെ ആസ്പദമാക്കി മലയാളത്തിലിറങ്ങിയ ആദ്യ പുസ്തകമാണത്. നിർമാല്യവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരിൽ അന്ന് ജീവിച്ചിരിപ്പുള്ളവരിൽ മിക്കവരും ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പി. ചിത്രൻ നമ്പൂതിരിപ്പാട്, അടൂർ ഗോപാലകൃഷ്ണൻ, ഐ. ഷണ്മുഖദാസ്, സി.എസ്. വെങ്കിടേശ്വരൻ എന്നിവരുടെയും സാന്നിധ്യമുണ്ട്. ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനം ചങ്ങരംകുളം മാർസ് സിനിമാസിൽ സംവിധായകൻ പ്രിയനന്ദനാണ് ഉദ്ഘാടനം ചെയ്തത്. നിർമാല്യത്തിൽ ചെറുവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഉണ്ണിമാധവൻ, ചക്കി, പാറുക്കുട്ടി, സേതുമാധവൻ, തുടങ്ങിയവരെ ആദരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.