ഉച്ചഭക്ഷണത്തിന് ഫണ്ടില്ല; കൈപൊള്ളി പ്രഥമാധ്യാപകർ
text_fieldsമലപ്പുറം: സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിൽ കൈപൊള്ളി പ്രഥമാധ്യാപകർ. ഉച്ചഭക്ഷണ നടത്തിപ്പിലും പോഷകാഹാര പദ്ധതിയിൽ പാലും മുട്ടയും വിതരണം ചെയ്ത ഇനത്തിലുമായി ലക്ഷക്കണക്കിന് രൂപയാണ് പല ഹെഡ്മാസ്റ്റർമാർക്കും ലഭിക്കാനുള്ളത്. ഉച്ചഭക്ഷണ ഇനത്തിൽ സെപ്റ്റംബറിലെ സംസ്ഥാന വിഹിതം ഇതുവരെ അനുവദിച്ചിട്ടില്ല. ഒക്ടോബർ മുതൽ ഒരു ഇനത്തിലും തുക നൽകിയിട്ടില്ല.
ഇത്രയും കാലത്തെ തുക ഒരുമിച്ച് കുടിശ്ശികയാകുന്നത് ഇതാദ്യമായാണ്. കുടിശ്ശിക സംബന്ധിച്ച് പരാതി നൽകുമ്പോൾ നൂൺ മീൽ ഓഫിസർമാരും വിദ്യാഭ്യാസ ഓഫിസർമാരും കൈമലർത്തുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ പ്രകാരമുള്ള മെനു അനുസരിച്ച് ഭക്ഷണം നൽകാൻ പാടുപെടുകയാണ് ഹെഡ്മാസ്റ്റർമാർ. ആറുലക്ഷം രൂപ വരെ ലഭിക്കാനുള്ള ഹെഡ്മാസ്റ്റർമാരുണ്ട്.
ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച കേസ് ഹൈകോടതിയിൽ പരിഗണനക്ക് വരുമ്പോൾ കുറച്ച് തുക അനുവദിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന സൂത്രവിദ്യയാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കാതെ, സ്വന്തം നിലക്ക് വായ്പയെടുത്ത് പ്രശ്നം തീർക്കുകയാണ് പല ഹെഡ്മാസ്റ്റർമാരും.
സർക്കാർ സമീപനം ഉദാസീനവും വഞ്ചനാപരവുമാണെന്നും അടിയന്തിരമായി തുക അനുവദിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം നിർത്തേണ്ടി വരുമെന്നും കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ) ജില്ല എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു.
ഷീബ കെ. മാത്യു ഉദ്ഘാടനം ചെയ്തു. കെ.സി. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.സി.എം. മുസ്തഫ, ഫസീല വില്ലൻ, അമീർ ഷാ മുഹമ്മദ്, സിന്ധു, ഗീത, സുധാകരൻ, എ.കെ. മുഹമ്മദ്, സുലൈമാൻ, മുജീബ് റഹ്മാൻ, പ്രമീള, വിനോദ്, ബേബി ബൽറാം, അബ്ദുൽ അസീസ്, അലി, ജെസ്സി, ലൈസ, ശിവപ്രസാദ്, ജയരാജ്, സ്വപ്ന തോമസ്, അമലി ജെറി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.