ദുരിത പാഠം തീരാതെ
text_fieldsഊർങ്ങാട്ടിരി: സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിൽ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനങ്ങൾ തകൃതിയായി നടക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തച്ചണ്ണ ഗവ. എൽ.പി. സ്കൂൾ. വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് മുറികൾ ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങളില്ല. അക്കാദമിക രംഗത്ത് മികച്ച മാതൃകകൾ കാഴ്ചവെയ്ക്കുന്നതിനാൽ ഓരോ വർഷവും സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം കൂടുകയാണ്.
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 545 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒന്നാം ക്ലാസിൽ മാത്രം കഴിഞ്ഞ വർഷത്തേക്കാൾ പതിമൂന്ന് കുട്ടികൾ കൂടുതലുണ്ട്.
എല്ലാ ക്ലാസിലും നാല് ഡിവിഷനുകൾക്കുള്ള വിദ്യാർഥികൾ ഉണ്ടെങ്കിലും ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ മൂന്നു ഡിവിഷനുകൾ വീതമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ. പഴയ കെട്ടിട വരാന്തയിൽ താൽകാലികമായി ഉണ്ടാക്കിയ കമ്പ്യൂട്ടർ ലാബിലാണ് സ്റ്റാഫ് റൂം പ്രവർത്തിക്കുന്നത്.
വർഷങ്ങളായി സബ് ജില്ലയിൽ ഏറ്റവും കൂടുതൽ എൽ.എസ്.എസ് വിജയികളെ സംഭാവന ചെയ്യുന്ന ഇവിടെ കഴിഞ്ഞ വർഷം 14 കുട്ടികൾ എൽ.എസ്.എസ് നേടിയിരുന്നു. സബ് ജില്ലതല മേളകളിലും ഈ വിദ്യാലയം ചാമ്പ്യൻമാരാണ്.
അഞ്ഞൂറ് കുട്ടികളിൽ കൂടുതലുള്ള വിദ്യാലയങ്ങൾക്കാണ് ആദ്യഘട്ടം കെട്ടിട നിർമാണത്തിനായി ഫണ്ട് നൽകുന്നത്. അഞ്ഞൂറിൽ കൂടുതൽ കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ടെങ്കിലും പ്രീ പ്രൈമറി കുട്ടികളുടെ എണ്ണം പരിഗണിക്കാത്തതിനാൽ ഫണ്ട് ലഭിക്കുന്നില്ല. അടുത്തഘട്ടം ഇത്തരം വിദ്യാലയങ്ങളെ പരിഗണിക്കുമെന്ന പ്രതീക്ഷയിൽ ആധുനിക രീതിയിലുള്ള മാസ്റ്റർ പ്ലാൻ തയാറാക്കാൻ ഒരുങ്ങുകയാണ് സ്കൂളധികൃതർ. അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് മൂലം വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഈ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അനുഭവിക്കുന്നത്. ഉച്ചക്ക് ക്ലാസ് മുറികളിൽ ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്കൂൾ മൈതാനത്ത് ഇരുന്നാണ് കുട്ടികൾ ഭക്ഷണം കഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.