കോട്ടക്കൽ-മലപ്പുറം, മഞ്ചേരി-മലപ്പുറം റൂട്ടിൽ രാത്രിയിൽ ബസ് സർവിസില്ല
text_fieldsമലപ്പുറം: രാത്രി 8.30 കഴിഞ്ഞാൽ മഞ്ചേരി, കോട്ടക്കൽ നഗരങ്ങളിൽനിന്ന് ജില്ല ആസ്ഥാനമായ മലപ്പുറത്തേക്ക് ബസ് സർവിസില്ലാത്തത് യാത്രക്കാരെ വലക്കുന്നു. രാത്രി മലപ്പുറം ഭാഗത്തേക്ക് സർവിസ് നടത്താൻ സ്വകാര്യബസുകൾ തയാറാകുന്നില്ല. കോട്ടക്കലിൽനിന്ന് രാത്രി 8.20 നുണ്ടായിരുന്ന തൃശൂർ-മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ഏതാനും ദിവസം മുമ്പ് നിർത്തി. ഈ ബസ്, ശബരിമല സർവിസിന് എടുത്തിരിക്കുകയാണ്.
രാത്രി 8.30നാണ് കോട്ടക്കലിൽനിന്ന് മലപ്പുറത്തേക്കുള്ള അവസാനത്തെ സ്വകാര്യ ബസ്. പെർമിറ്റ് പ്രകാരം ഓടേണ്ട മിക്ക ബസുകളും രാത്രി ട്രിപ് ഒഴിവാക്കുകയാണ്. വന്ദേഭാരതിൽ വന്നിറങ്ങുന്ന യാത്രക്കാർക്കായി 8.50ന് തിരൂരിൽനിന്ന് മലപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സി ഒരു ബസ് ഓടിക്കുന്നുണ്ടെങ്കിലും ട്രെയ്ൻ വൈകുന്നതിനനുസരിച്ച് ബസ് പുറപ്പെടുന്ന സമയത്തിലും മാറ്റമുണ്ടാകും.
തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടിയിൽ രാത്രി വന്നിറങ്ങിയാൽ ജില്ല ആസ്ഥാനത്തെത്താൻ ബസ് ഇല്ലാത്തതുമൂലം നിരവധി യാത്രക്കാരാണ് വലയുന്നത്.
പലരും ഓട്ടോ പിടിച്ചാണ് മലപ്പുറം ഭാഗത്തേക്ക് എത്തുന്നത്. മലപ്പുറത്തുനിന്ന് കോട്ടക്കലിലേക്കും രാത്രി ബസുകൾ കുറവാണ്. അവസാന ബസ് രാത്രി 9.15നാണ്. രാത്രി മഞ്ചേരിയിൽനിന്നും മലപ്പുറത്തേക്കും ബസുകൾ പരിമിതം. 8.30ന് തിരൂരിലേക്കുള്ള സ്വകാര്യ ബസ് പോയാൽ പിന്നെ മലപ്പുറത്ത് എത്താൻ രാത്രി 9.30നുള്ള കെ.എസ്.ആർ.ടി.സി ഊട്ടി ബസിന് കാത്തിരിക്കണം.
ചുരമിറങ്ങിവരുന്ന ബസ് ആയതിനാൽ ഇത് സമയത്ത് എത്തണമെന്നില്ല. കെ.എസ്.ആർ.ടി.സിയുടെ മഞ്ചേരി-മലപ്പുറം ഓർഡിനറി സർവിസ് വൈകീട്ട് 6.30ന് അവസാനിക്കും.
രാത്രി 8.45നുശേഷം മലപ്പുറത്തുനിന്ന് മഞ്ചേരിയിലേക്കും ബസുകളില്ല. ജില്ല ആസ്ഥാനത്ത് വന്നിറങ്ങുന്നവർ മഞ്ചേരിയിലെത്താൻ ഓട്ടോയെ ആശ്രയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.