40 വർഷമായിട്ടും അറ്റകുറ്റപ്പണിയില്ല; കാലപ്പഴക്കത്തിൽ കിതച്ച് മൈത്ര കുടിവെള്ള പദ്ധതി
text_fieldsഊർങ്ങാട്ടിരി: മൈത്ര കുടിവെള്ള പദ്ധതിക്ക് കാലപ്പഴക്കവും പ്രളയങ്ങൾ മൂലവുമുണ്ടായ പോരായ്മകൾക്ക് പരിഹാരമായില്ല. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിലെ അയ്യായിരത്തിലധികം കുടുംബങ്ങൾക്ക് ആശ്രയമായ പദ്ധതിയാണ് വേണ്ടവിധം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ശോച്യാവസ്ഥയിലായത്. 40 വർഷത്തെ പഴക്കമുള്ള ഈ പദ്ധതി എം.പി. ഗംഗാധരൻ ജലസേചന വകുപ്പ് മന്ത്രിയായിരിക്കെയാണ് 1984ലാണ് ആരംഭിച്ചത്.
500 കുടുംബങ്ങൾക്ക് മാത്രമായി ആരംഭിച്ച പദ്ധതിയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ ചേർത്തതോടെ അതിനനുസരിച്ചുള്ള ശേഷി ഇല്ലാതാവുകയായിരുന്നു. 40 കൊല്ലം മുമ്പ് സ്ഥാപിച്ച പൈപ്പുകൾ തന്നെയാണ് മിക്ക ഭാഗങ്ങളിലും ഇപ്പോഴുമുള്ളത്. ഇവ പലയിടങ്ങളിലും പൊട്ടുകയും ചോരുകയും ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുടിവെള്ള ശുദ്ധീകരണത്തിന് ട്രീറ്റ്മെന്റ് പ്ലാന്റ് ഇല്ല. പ്രഷർ ഫിൽറ്റർ ഉണ്ട്.
ബ്ലീച്ചിങ് പൗഡർ വിതറി ക്ലോറിനേഷൻ നടത്തുകയാണ് പതിവ്. ടാങ്കിന്റെ തൂണുകളും മേൽ കൂരയും ദ്രവിച്ചിട്ടുണ്ട്. ഒരു തൂണിന്റെ കമ്പി വരെ കാണാൻ തുടങ്ങിയിരിക്കുന്നു. ടാങ്കിനും ചോർച്ചയുണ്ട്. പമ്പിങ് മെയിൻ ദ്രവിച്ചിരിക്കുന്നു. മൂന്ന് പമ്പ് സെറ്റാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണം കഴിഞ്ഞ ആഴ്ചയിലെ വെള്ളപ്പൊക്കത്തിൽ തകരാറിലായിരുന്നു. തുടർന്ന് തകരാർ പരിഹരിച്ച ശേഷമാണ് ജല വിതരണം ആരംഭിച്ചത്.
അതേസമയം, ഓരോ മഴക്കാലം കഴിയുമ്പോഴും വൻ തോതിൽ ചെളി കുടിവെള്ള പദ്ധതിയുടെ കിണറിൽ അടിയുന്നുണ്ട്. ഇത് വൃത്തിയാക്കിയാലും വീണ്ടും ചളി കിണറിൽ ഇറങ്ങുകയാണ്.
ജൽജീവൻ മിഷന്റെ കോടികൾ ചെലവഴിക്കാതെ കെട്ടിക്കിടക്കുകയാണെന്നും അത് ഉപയോഗിച്ച് മൈത്ര കുടിവെള്ള പദ്ധതിയുടെ പോരായ്മകൾ പരിഹരിക്കണമെന്നുമാണ് നാട്ടുകാർ പറയുന്നത്. മൈത്ര പദ്ധതി നിലനിർത്തി ആധുനിക രീതിയിൽ മറ്റൊരു കുടിവെള്ള പദ്ധതി ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.