ഇരുട്ടിൽ തപ്പി മലപ്പുറം; ജില്ല ആസ്ഥാനത്ത് തെരുവുവിളക്കുകൾ കത്താത്ത പേമാരിക്കാലം
text_fieldsമലപ്പുറം: രാത്രിസമയങ്ങളിൽ മലപ്പുറം നഗരത്തിലൂടെ യാത്രചെയ്യുന്നവർ ജാഗ്രതപാലിക്കുക. മാസങ്ങളായി കത്താതെ നിൽക്കുന്ന തെരുവ് വിളക്കുകളൊരുക്കിയ ഇരുട്ട് നിങ്ങളെ അപകടത്തിൽപെടുത്തിയേക്കാം.
കനത്ത മഴയും തെരുവുനായ് ശല്യവും കൂടിയാവുമ്പോൾ ഇരട്ടിഭീതിയാണ്. ഹൈമാസ്റ്റ് വിളക്കുകൾ കണ്ണടച്ചതിനാൽ പ്രധാന ജങ്ഷനുകളായ കോട്ടപ്പടി, കിഴക്കേത്തല, ബൈപാസ് ജങ്ഷനുകളായ കാവുങ്ങൽ, മുണ്ടുപറമ്പ് എന്നിവിടങ്ങളെല്ലാം ഇരുട്ടിൽ.
കാവുങ്ങൽ-മുണ്ടുപറമ്പ്-മച്ചിങ്ങൽ ബൈപാസിലെ എൽ.ഇ.ഡി വിളക്കുകളൊന്നും കത്തുന്നില്ല. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പ്രതിദിനം സഞ്ചരിക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ആശ്രയിക്കുന്ന ബൈപാസാണിത്. ഇവിടെ രാത്രി കാൽനടക്കാർ വണ്ടിയിടിച്ച് മരിച്ച സംഭവങ്ങളേറെ.
കോട്ടപ്പടി, കിഴക്കേത്തല ജങ്ഷനുകളിലെ ഹൈമാസ്റ്റ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തേണ്ടത് നഗരസഭയാണ്. കാവുങ്ങൽ, മുണ്ടുപറമ്പ്, വലിയങ്ങാടി, ആലത്തൂർപ്പടി തുടങ്ങിയ സ്ഥലങ്ങളിലും ഹൈമാസ്റ്റ് വിളക്കുണ്ട്. ഇവ വിവിധ സ്ഥാപനങ്ങൾക്ക് പരസ്യത്തോടൊപ്പം കരാർ കൊടുത്തിരിക്കുകയാണ്.
കേടുവന്നാൽ നന്നാക്കേണ്ട ചുമതലയും സ്ഥാപനങ്ങൾക്കുണ്ട്. ആരുംപക്ഷെ ഈ വഴിക്ക് തിരിഞ്ഞുനോക്കുന്നില്ല. കിഴക്കേത്തലയിലടക്കം ട്രാഫിക് സിഗ്നൽ ലൈറ്റുകളും കേടായിട്ട് മാസങ്ങളായി. ടൈമർ പണിമുടക്കുന്നത് കൊണ്ടാണ് എൽ.ഇ.ഡി വിളക്കുകൾ കത്താത്തതെന്ന് നഗരസഭ അധികൃതർ പറയുന്നു.
ടൈമർ മാറ്റി ഫ്യൂസ് സംവിധാനത്തിലേക്ക് മടങ്ങാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. കടകളിലെ വെളിച്ചം മാത്രമാണ് ആകെയുള്ളത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കടകൾ പക്ഷെ നേരത്ത അടക്കും.
നിലക്കാതെ മഴയും പെയ്യുന്നതോടെ വൈകുന്നേരമാവുമ്പോൾതന്നെ ഇരുട്ട് വീഴുകയാണ് നഗരത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.