കണ്ണടച്ച് തെരുവ് വിളക്കുകൾ; ദുരിതത്തിലായി മലപ്പുറത്തെ രാത്രികാല യാത്ര
text_fieldsമലപ്പുറം: കേടുവന്ന തെരുവ് വിളക്കുകൾ നന്നാക്കാത്തത് നഗരത്തിൽ രാത്രികാല യാത്രക്കാർക്ക് അടക്കം ദുരിതമായി. പ്രധാന പാതകളിലടക്കം നഗരസഭ മുമ്പ് സ്ഥാപിച്ച തെരുവുവിളക്കുകൾ പലതും കണ്ണടച്ചു.
അറ്റകുറ്റ പണിക്കായി നഗരസഭ കരാർ നൽകിട്ടുണ്ടെങ്കിലും കരാറുകാർ വിളക്കുകൾ മാറ്റി സ്ഥാപിക്കാത്തതാണ് പ്രശ്നത്തിന് കാരണം. പ്രശ്നത്തിൽ വാർഡ് തലങ്ങളിൽ നിന്നടക്കം പരാതി ഉയരുന്നുണ്ട്. പ്രശ്നം ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലും ചർച്ചയായി. പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങളടക്കം പ്രശ്നം ഗൗരവമാണെന്ന് ചൂണ്ടിക്കാട്ടി.
കാവുങ്ങൽ, മുണ്ടുപറമ്പ്, മച്ചിങ്ങൽ, കോണാംപാറ, പാണക്കാട്, പട്ടർക്കടവ്, കിഴക്കേത്തല, വലിയങ്ങാടി, മൈലപ്പുറം, കുന്നുമ്മൽ, കോട്ടപ്പടി, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലടക്കം പല ഭാഗങ്ങളിലായി തകരാറിലായതുണ്ടെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. വാർഡ് തലങ്ങളിലെ പോക്കറ്റ് റോഡുകളിലും പ്രയാസമുണ്ട്.
റമദാൻ കാലത്ത് രാത്രിയിൽ പള്ളികളിൽ പോകുന്നവരടക്കം വിഷയത്തിൽ പ്രയാസം നേരിടുന്നുണ്ട്. തെരുവ് നായ് ശല്യവും പ്രശ്നത്തിന്റെ തോത് വർധിപ്പിക്കുകയാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ കരാറുകാരനുമായി ചർച്ച നടത്തി പരിഹരിക്കാമെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു. നിലവിൽ രണ്ട് വിഭാഗങ്ങളിലായി നാല് വർഷത്തിനും ഒരു വർഷത്തിനുമാണ് നഗരസഭയിൽ തെരുവ് വിളക്കുകൾ കരാർ നൽകിയിരിക്കുന്നത്.
ഇതിൽ ഒരു വർഷത്തിന് കരാർ നൽകിയ വിളക്കുകളുടെ കാലാവധി മാർച്ച് 31ഓടെ തീരും. ഈ വാർഷിക അറ്റകുറ്റ പണി കരാർ (എ.എം.സി) കാലാവധി തീരുന്നതിന് മുമ്പ് വിഷയം ചൂണ്ടിക്കാണിക്കാനാണ് അധികൃതരുടെ തീരുമാനം.
കരാർ തീരുന്നതിന് മുന്നോടിയായി കേടുവന്നവ പുനഃസ്ഥാപിക്കാനായില്ലെങ്കിൽ നഗരസഭയിൽ വലിയ പ്രതിഷേധത്തിന് കാരണമാകും. നഗരസഭയിൽ ഇടവഴികളിൽ 25, 30 വാട്സ് ബൾബുകളും പ്രധാന പാതകളിൽ 45 വാട്സ് ബൾബുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. 40 വാർഡുകളിലായി വിവിധ ഘട്ടങ്ങളിലാണ് തെരുവ് വിളക്കുകൾ കരാർ ഏജൻസി സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.