ഇരുളിൻ മഹാനിദ്രയിൽ മലപ്പുറം:ജില്ല ആസ്ഥാന നഗരം ഇരുട്ടിൽ
text_fieldsമലപ്പുറം: പറഞ്ഞു മടുത്തിട്ടും മാറ്റമൊന്നുമില്ല. ജില്ല ആസ്ഥാന നഗരം ഇരുട്ടിൽ തുടരുകയാണ്. ഹൈമാസ്റ്റ്, മിനി മാസ്റ്റ്, എൽ.ഇ.ഡി വിളക്കുകൾ കെട്ടുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. 'അറ്റകുറ്റപ്പണി തുടങ്ങി, ഉടൻ പൂർത്തിയാവു'മെന്നാണ് ഭരിക്കുന്നവരുടെ സ്ഥിരം പല്ലവി.
പ്രധാന ജങ്ഷനുകളായ കുന്നുമ്മൽ, കോട്ടപ്പടി, കിഴക്കേത്തല, മച്ചിങ്ങൽ തുടങ്ങിയ സ്ഥലങ്ങളിലൊന്നും തെരുവുവിളക്കുകൾ കത്തുന്നില്ല. മുണ്ടുപറമ്പ്, കാവുങ്ങൽ ജങ്ഷനുകളിൽ ഭാഗികമായി പ്രകാശിക്കുന്നത് മാത്രമാണ് അപവാദം.
കുന്നുമ്മൽ, കോട്ടപ്പടി ജങ്ഷനുകളിലെ ഹൈമാസ്റ്റുകൾ പൂർണമായും പ്രവർത്തനരഹിതമാണ്. കിഴക്കേത്തല, വലിയങ്ങാടി, ആലത്തൂർപ്പടി ഭാഗങ്ങളിൽ വല്ലപ്പോഴും കത്തിയാലായി. അപകടം പതിയിരിക്കുന്ന മേഖലകളാണ് കിഴക്കേത്തല ജങ്ഷനിനും മച്ചിങ്ങൽ ബൈപാസുമൊക്കെ.
കലക്ടർ ബംഗ്ലാവ്, കാവുങ്ങൽ തുടങ്ങിയ സ്ഥലങ്ങളിലെ മിനി മാസ്റ്റ് ലൈറ്റുകളും നോക്കുകുത്തിയാണ്. മുണ്ടുപറമ്പ് ഭാഗത്തുനിന്ന് കാവുങ്ങലിലേക്ക് വരുന്നവർക്ക് മരങ്ങളുടെ മറ കാരണം കത്തുന്ന വിളക്കുകളുടെ ഗുണവും ലഭിക്കാത്ത സ്ഥിതി.
മുണ്ടുപറമ്പ് ബൈപാസ് ജങ്ഷനിൽ പ്രവർത്തനരഹിതമായി കിടന്ന ഹൈമാസ്റ്റ് ലൈറ്റ് ഏതാനും മാസം മുമ്പ് നന്നാക്കിയിരുന്നു. ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്താൻ പരസ്യ ഏജൻസികൾക്ക് കരാർ കൊടുത്തിട്ടുണ്ടത്രെ. പാതയോരങ്ങളിലെ എൽ.ഇ.ഡി തെരുവുവിളക്കുകളിൽ വാറൻറിയുള്ള 4900 എണ്ണം അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. എന്നാൽ, വാർഷിക അറ്റകുറ്റപ്പണി കരാർ തീർന്ന 2700 ലൈറ്റുകൾ കുറേ നാളായി കെട്ടുകിടക്കുകയാണ്.
ഇവ മാറ്റി മൂന്ന് വർഷ വാറൻറിയുള്ള പുതിയ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് നഗരസഭ. തെരുവുനായ് ശല്യവും രൂക്ഷമായതിനാൽ പേടിയൊടെയാണ് ആളുകൾ പുറത്തിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.