മഴ പെയ്താൽ തോടായി വടക്കുംപുറം സ്കൂൾ റോഡ്
text_fieldsകരേക്കാട്: ശക്തമായ മഴ പെയ്താൽ വടക്കുംപുറം എ.യു.പി സ്കൂൾ റോഡിൽ വെള്ളം കയറി യാത്ര ദുരിതപൂർണമാവുന്നു. എടയൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ പാടത്തെപീടിക കക്കുടുമ്പ്-വടക്കുംപുറം എ.യു.പി സ്കൂൾ റോഡിലാണ് യാത്ര ദുഷ്കരം. റോഡിനോട് ചേർന്ന മാങ്ങുന്നിൽ തോട് കരകവിഞ്ഞ് റോഡും തോടും ഒന്നാകുന്നത് മഴക്കാലത്ത് പതിവാണ്. 1500 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്കും മദ്റസയിലേക്കുമുള്ള പ്രധാന പാതയാണിത്. കൊച്ചു കുട്ടികളടക്കം ഇത് വഴി പോവുന്നത് ആശങ്കക്കിടയാക്കുന്നു. വടക്കുംപുറം കരേക്കാട് പഴയ ജുമാമസ്ജിദ്, യക്ഷേശ്വര ക്ഷേത്രം എന്നിവിടങ്ങളിലേക്ക് നിരവധി വിശ്വാസികൾ പോകുന്നതും ഈ റോഡിലൂടെയാണ്.
തോടിന്റെ വശം പാർശ്വഭിത്തി കെട്ടി ഹാൻഡ് റെയിൽ സ്ഥാപിക്കുക, റോഡ് കോൺക്രീറ്റ് ചെയ്യുകയോ ടൈൽസ് പതിക്കുകയോ ചെയ്യുക, കക്കുടുമ്പ് പാലം പുതുക്കി പ്പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനപ്രതിനിധികൾക്ക് വികാസ് ക്ലബ് പ്രവർത്തകരും സ്കൂൾ പി.ടി.എ ഭാരവാഹികളും രാഷ്ട്രീയ സാമൂഹിക സന്നദ്ധ പ്രവർത്തകരും നിവേദനം നൽകിയിരുന്നു.
പാലത്തിന്റെ ഭാഗങ്ങളും പാർശ്വ ഭിത്തിയും തകർന്നിട്ടുണ്ട്. പാർശ്വ ഭിത്തി കെട്ടാൻ ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ് പദ്ധതി സമർപ്പിച്ചിട്ടുണ്ട്. റോഡ് നവീകരിക്കാൻ തുക വകയിരുത്താനും അടിയന്തര നടപടിയുണ്ടാകണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.