ഓടക്കയത്ത് ജനവാസ മേഖലയിൽ കാട്ടാനയെത്തിയിട്ട് ഒരാഴ്ച
text_fieldsഊർങ്ങാട്ടിരി: ഗ്രാമപഞ്ചായത്തിലെ ഓടക്കയത്ത് കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിൽ. ഒരാഴ്ചയായി പ്രദേശത്ത് ഒരു കുട്ടിയാന ഉൾപ്പെടെ ആറ് കാട്ടാനകളാണ് കാടിറങ്ങി ജനവാസ മേഖലയിൽ എത്തിയത്. സാധാരണ രീതിയിൽ വനമേഖലക്കടുത്തുള്ള ഓടക്കയത്തും പരിസരങ്ങളിലും കാട്ടാന ഉൾപ്പെടെ വന്യജീവികൾ എത്താറുണ്ട്. നിശ്ചിത സമയം കഴിഞ്ഞാൽ ഇവ തിരിച്ച് കാട് കയറാറുമുണ്ട്. എന്നാൽ ഇതാദ്യമായാണ് കുട്ടിയാന ഉൾപ്പെടെ ആനക്കൂട്ടം ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും തമ്പടിക്കുന്നത്.
ഒരാഴ്ചയായി ജനവാസ മേഖലയിലുള്ള കാട്ടാനക്കൂട്ടം ഏക്കർ കണക്കിന് കൃഷിയാണ് ഇതിനകം നശിപ്പിച്ചു കഴിഞ്ഞതെന്ന് വാർഡ് അംഗം ജിനേഷ് മാധ്യമത്തിനോട് പറഞ്ഞു.
കൊടുമ്പുഴ, കൂരങ്കല്ല്, കൂട്ടപ്പറമ്പ്, ആനക്കയം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും കാട്ടാനക്കൂട്ടം എത്തുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തുടർച്ചയായി പകൽ സമയങ്ങളിലും കാട്ടാനക്കൂട്ടം ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും എത്തിത്തുടങ്ങി. പലതരം വേലികൾ ഇവിടെ സ്ഥാപിച്ചിരുന്നെങ്കിലും ഇതെല്ലാം തകർത്താണ് ആനകൾ എത്തുന്നത്. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും പലതവണ കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം നാട്ടുകാർ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസം കൂരങ്കല്ല് ഭാഗത്ത് വീടിന് പരിസരത്ത് രാത്രി എട്ടോടെ എത്തിയ ആന 12 മണിയായിട്ടും പോകാത്തതിനെ തുടർന്ന് നിലമ്പൂർ ആർ.ആർ.ടി ഉദ്യോഗസ്ഥരെത്തിയാണ് ഓടിച്ചത്. സംഭവത്തിൽ ഉടൻതന്നെ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് അംഗം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം ഉടനടി വേണമെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ ഓടക്കയം വാർഡിൽ മൂന്ന് കിലോമീറ്റർ തൂക്കുവേലി സ്ഥാപിക്കാനുള്ള പ്രവൃത്തികൾ വനവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇത് അപര്യാപ്തമാണെന്നും കൂടുതൽ ദൂരത്തേക്ക് വേലി അനുവദിക്കണമെന്നും മേഖലയിൽ തകരാറിലായ തെരുവുവിളക്കുകളുടെ പ്രവർത്തനം പഞ്ചായത്ത് ഉടനടി പുനഃസ്ഥാപിക്കണമെന്നും ജിനേഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.