ഒടുങ്ങരുത്, ഒടുങ്ങാട്ടുകുളം; വീണ്ടെടുക്കണമെന്ന ആവശ്യം ശക്തം
text_fieldsഎടയൂർ: മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതും ദുർഗന്ധവും കാരണം ഒടുങ്ങാട്ടുകുളം ഉപയോഗിക്കുന്നത് വിലക്കി അധികൃതർ. ഏത് കൊടുംവേനലിലും നിരവധി പേർക്ക് ആശ്വാസമായിരുന്ന എടയൂർ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ ഉൾപ്പെടുന്ന കുളത്തിൽ പ്രവേശനം തടഞ്ഞതോടെ അലക്കാനും കുളിക്കാനും എത്തുന്നവർ ദുരിതത്തിലായി.
പായലുകൾ വ്യാപകമായി വളർന്നതും റോഡിനോട് ചേർന്ന ഒരുഭാഗത്തെ കരിങ്കൽ ഭിത്തി കുളത്തിൽ പതിച്ചതും വിനയായി. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. പായലുകൾ വളർന്നതോടെ കുളത്തിലേക്ക് പ്ലാസ്റ്റിക് കുപ്പികളും, മാലിന്യങ്ങളും വലിച്ചെറിയുന്നത് പതിവായിരുന്നു.
1998ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്താണ് വിവിധ സംഘടനകളുടെ സഹകരണത്തോടെ ചുറ്റും കരിങ്കൽ ഭിത്തി നിർമിച്ച് കുളം നവീകരിച്ചത്. കേരളോത്സവത്തിന്റെയും വിവിധ സംഘടനകളുടെ സമ്മേളനത്തിന്റെയും ഭാഗമായി നീന്തൽ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. പഞ്ചായത്ത് നേതൃത്വത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കുന്നതും കുളത്തിലാണ്.
അതിനിടെ സേവ് ഒടുങ്ങാട്ടുകുളം എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. തകർന്ന കരിങ്കൽ ഭിത്തി പുനർനിർമിച്ചും പായലുകൾ നീക്കം ചെയ്തും കുളത്തെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാൻ ലക്ഷങ്ങൾ വേണ്ടിവരും. എടയൂർ ഗ്രാമപഞ്ചായത്ത് കുളം നവീകരണത്തിന് എട്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എം.എൽ.എ, എം.പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നോ, അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേക തുക അനുവദിക്കുകയോ ചെയ്തെങ്കിൽ മാത്രമേ ഒടുങ്ങാട്ടുകുളത്തെ വീണ്ടെടുക്കാനാകൂ.
ശോച്യാവസ്ഥ പരിഹരിക്കണം -സി.പി.എം
പൂക്കാട്ടിരി: പായൽ മൂടിയും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞും ഉപയോഗശൂന്യമായ ഒടുങ്ങാട്ടുകുളം നവീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം എടയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറിക്ക് സി.പി.എം നിവേദനം നൽകി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എം. മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. രാജീവ്, കെ.പി. വിശ്വനാഥൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. നാരായണൻ, ബിജു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.