ഒടുങ്ങാട്ടുകുളം ഓർമയാകാതിരിക്കണം
text_fieldsഎടയൂർ: ഒടുങ്ങാട്ടുകുളം ഒടുങ്ങാതിരിക്കാൻ ഈ വേനലിലെങ്കിലും പായലുകളും മാലിന്യം പൂർണമായി മാറ്റാനാവശ്യമായ അടിയന്തര നടപടിയുണ്ടാകണമെന്നാവശ്യം ശക്തം. ഏത് കൊടുംവേനലിലും കുളിക്കാനും നീന്താനുമായി എടയൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഈ കുളത്തെ ഒട്ടനവധിപേർ ആശ്രയിച്ചിരുന്നു.
രണ്ടു വർഷം മുമ്പ് പെയ്ത ശക്തമായ മഴയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ വളാഞ്ചേരി-പൂക്കാട്ടിരി-എടയൂർ-മലപ്പുറം റോഡിനോട് ചേർന്ന ഒടുങ്ങാട്ടുകുളത്തിന്റെ സംരക്ഷണഭിത്തി തകർന്നതോടുകൂടിയാണ് കുളത്തിന്റെ ദുർഗതി ആരംഭിക്കുന്നത്. കുളത്തിന് സമീപമുള്ള ഓവുപാലം പുതുക്കിപണിയുന്ന പ്രവർത്തനം ആരംഭിക്കുകയും കുടിവെള്ള പദ്ധതിക്ക് വേണ്ടി പാർശ്വഭിത്തിയോട് ചേർന്ന് മണ്ണെടുത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുകയും ചെയ്തിരുന്നു.
അന്ന് രാത്രി പെയ്ത ശക്തമഴയിലാണ് 30 മീറ്റർ നീളത്തിൽ കരിങ്കൽ ഭിത്തിയും അതിനോട് ചേർന്ന കോൺക്രീറ്റ് സ്ലാബുകളും കുളത്തിലേക്ക് അമർന്നത്. പീന്നീട് പായലുകൾ വളർന്നതോടെ ഒരേക്കറോളം വിസ്തൃതിയുള്ള ഈ കുളം നീന്തൽ പ്രേമികൾക്ക് അന്യമായി. ജില്ലക്ക് അകത്തുനിന്നും പുറത്തു നിന്നുമുൾപ്പെടെ ഒട്ടനവധിപേർ നീന്താനായി എത്താറുണ്ടായിരുന്നു. കുളത്തിലെ പായലുകളും മാലിന്യവും ചളിയും നീക്കം ചെയ്യാനും നവീകരിക്കാനുമായി ഗ്രാമപഞ്ചായത്ത് എട്ട് ലക്ഷം രൂപ വകയിരുത്തിയിരുന്നതിനെ തുടർന്ന് കഴിഞ്ഞമേയിൽ കുളം നവീകരിച്ചിരുന്നു. വെള്ളംവറ്റിച്ച് കുളം വൃത്തിയാക്കുകയും കുളക്കടവിലെ പടികളും ഒരുവശത്തെ നടപ്പാതയും ഇഷ്ടികപാകി കുളത്തിന്റെ മുഖം മിനുക്കുകയും ചെയ്തു.
കുളത്തിന്റെ എല്ലാഭാഗത്തുനിന്നും ആഴത്തിൽ ചളിനീക്കം ചെയ്യാതിരുന്നതിനാൽ വീണ്ടും പായലുകൾ പ്രത്യക്ഷപ്പെടുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. സംരക്ഷണഭിത്തി പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് 48 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയായതായി സ്ഥലം എം.എൽ.എ അറിയിച്ചിരുന്നു. സംരക്ഷണ പാർശ്വഭിത്തി 54 മീറ്റർ നീളത്തിലും അഞ്ച് മീറ്ററിലധികം ഉയരത്തിലുമാണ് പുനർനിർമിക്കുകയെന്ന് അറിയിച്ചിട്ട് മാസങ്ങളായെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചില്ല. അതിനിടെ പായലുകൾ നിറഞ്ഞ കുളത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം വലിച്ചെറിയുന്നതും പതിവാണ്.
വേനലിൽ കുളത്തിലെ വെള്ളംവറ്റിച്ച് പായൽ അടിയോടെ നീക്കംചെയ്ത് പാർശ്വഭിത്തി പുനർനിർമിച്ചില്ലെങ്കിൽ അടുത്ത കാലവർഷത്തിലും ഒടുങ്ങാട്ടുകുളം നീന്തൽ പ്രേമികൾക്ക് സ്വപ്നമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.