ഉദ്യോഗസ്ഥർ കൂട്ടത്തോടെ ദുരന്ത മുഖത്ത്; കോവിഡ് ഭീതിയിൽ മലപ്പുറം സിവിൽ സ്റ്റേഷൻ
text_fieldsമലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽ അപകടമുണ്ടായ ദിവസം ജില്ല കലക്ടർക്ക് പുറമെ വിവിധ വകുപ്പ് തലവന്മാരായ ഉദ്യോഗസ്ഥർ കൂട്ടത്തോടെ ദുരന്തമുഖത്ത് എത്തിയതിനെതിരെ വിമർശനമുയരുന്നു.
എ.ഡി.എം, അസി. കലക്ടർ, ഡി.എം.ഒ, ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം), ഡെപ്യൂട്ടി കലക്ടർ (ദേശീയപാത എൽ.എ), ഡെപ്യൂട്ടി കലക്ടർ (കരിപ്പൂർ എൽ.എ), എൻ.എച്ച്.എം.ഡി.പി.എം തുടങ്ങിയവരാണ് സംഭവ സ്ഥലത്തെത്തിയത്.
ഇവരെല്ലാം അപകടം നടന്ന സ്ഥലവും സന്ദർശിച്ചിട്ടുണ്ട്. ദുരന്തമുഖത്തുനിന്ന് രക്ഷാപ്രവർത്തകർക്കൊപ്പവും അല്ലാതെയും ഫോട്ടോ എടുത്തവർ വരെയുണ്ട് കൂട്ടത്തിൽ.
ഔദ്യോഗികമായി അവിടെ പോകേണ്ടതിെൻറ ഒരാവശ്യവുമില്ലാത്തവരും പോയവരിലുണ്ട്. കണ്ടെയ്ൻമെൻറ് സോണിൽ നടന്ന അപകടമായിട്ടും ആവശ്യമുള്ളവരും ഇല്ലാത്തവരും അവിടെ പോയതും ആളുകളുമായി ഇടപഴകിയതും കോവിഡ് കാലത്ത് ഒഴിവാക്കമായിരുന്നു എന്നാണ് വിമർശനം.
ഇവരിലാർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ സിവിൽ സ്റ്റേഷനിൽ ബന്ധപ്പെട്ട വകുപ്പുകളിൽ ജോലി ചെയ്യുന്നവർ കൂട്ടത്തോടെ ക്വാറൻറീനിൽ പോകേണ്ടിവരും.
വകുപ്പ് തലവന്മാർ ക്വാറൻറീനിൽ പോകുന്നതും മറ്റും ഭരണ സ്തംഭനവുമുണ്ടാക്കും. കലക്ടറേറ്റിൽ ഫയലുകൾ നീങ്ങുന്നില്ലെന്ന പരാതി ഇപ്പോൾ തന്നെ വ്യാപകമാണ്.
ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ കലക്ടർ പോലും അപകട സ്ഥലത്ത് പോകണമെന്ന് ദുരന്ത നിവാരണ നിയമത്തിൽ നിഷ്കർഷിക്കുന്നില്ല.
കൺട്രോൾ റൂമിലിരുന്ന് കാര്യങ്ങൾ നിയന്ത്രിച്ചാൽ മതി. കഴിഞ്ഞവർഷം കവളപ്പാറയിൽ ദുരന്തമുണ്ടായപ്പോൾ അന്നത്തെ ജില്ല കലക്ടർ ജാഫർ മലിക് സംഭവ സ്ഥലത്ത് തുടക്കത്തിൽ പോയിരുന്നില്ല. സർക്കാർ നിർേദശപ്രകാരമായിരുന്നു അത്.
ഇത്തവണ കോഴിക്കോട്, മലപ്പുറം ജില്ല കലക്ടർമാരോട് സംഭവ സ്ഥലത്തെത്താൻ നിർദേശമുണ്ടായിരുന്നു എന്നാണ് വിവരം. ഇതിെൻറ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ പോയ കലക്ടർ ക്വാറൻറീനിൽ പോയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.