കുന്നുമ്മലിലെ പഴയ ശുചിമുറി; ടേക്ക് എ ബ്രേക്ക് പദ്ധതിയിലേക്ക് മാറ്റാൻ നഗരസഭ
text_fieldsമലപ്പുറം: കുന്നുമ്മലിലെ പഴയ നഗരസഭ ശുചിമുറിക്ക് പകരം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ശുചിമുറികൾ നിർമിക്കാൻ വഴിതേടി നഗരസഭ. കാലങ്ങളുടെ പഴക്കമുള്ളതാണ് നിലവിലെ ശുചിമുറി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അറ്റകുറ്റപ്പണികളുടെ അപര്യാപ്തതയും കാരണം ശുചിമുറി നടത്തിപ്പ് നഗരസഭക്ക് നിരന്തരം തലവേദന സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയത് നിർമിക്കാൻ ആലോചിക്കുന്നത്.
ദേശീയപാതയുടെ സ്ഥലത്താണ് ശുചിമുറിയുള്ളത്. അതിനാൽ തന്നെ പദ്ധതി സാങ്കേതികത്വത്തിൽ കുടുങ്ങിക്കിടക്കുകയാണ്. പൊളിച്ച് പുതിയത് തുടങ്ങണമെങ്കിൽ തുടർനടപടിക്ക് ദേശീയപാത വിഭാഗത്തിന്റെ നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) ലഭിക്കേണ്ടതുണ്ട്. അനുമതി നൽകിയില്ലെങ്കിൽ കോടതിയെ സമീപിച്ച് അനുകൂല വിധിയിലൂടെയോ ജില്ല കലക്ടറുടെ അനുമതി വഴിയോ പദ്ധതി യാഥാർഥ്യമാക്കാനാണ് അധികൃതരുടെ ശ്രമം.
പദ്ധതിക്കായി 75 ലക്ഷം എം.എൽ.എ ഫണ്ട് വകയിരുത്തിയിരുന്നു. കൂടാതെ നഗരസഞ്ചയം പദ്ധതിയിലും നിർമാണത്തിനാവശ്യമായ തുക നഗരസഭയുടെ പക്കലുണ്ട്. അനുമതി കിട്ടിയാൽ സൗകര്യപ്രദമായ തരത്തിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ വിശ്വാസം. രാമനാട്ടുകര, പെരിന്തൽമണ്ണ നഗരസഭകൾ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു.
ശുചിമുറി കാര്യക്ഷമമല്ലാത്തത് ദീർഘദൂര യാത്രക്കാർക്കടക്കം പ്രയാസമാണ്. ആളുകളുടെ ബസ് കാത്തിരിപ്പ് കേന്ദ്രവും ഇതുതന്നെയാണ്. ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി ശുചിമുറി ഏറ്റെടുത്ത കരാറുകാരനും നടത്തിപ്പ് ചുമതലയിൽനിന്ന് ഒഴിവാക്കാൻ നഗരസഭക്ക് അപേക്ഷ നൽകിയിരുന്നു. ഇക്കാര്യത്തിൽ നഗരസഭ കൗൺസിൽ യോഗം തീരുമാനമെടുത്ത് കരാറുകാരന് ഒഴിയാൻ അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.